തിരുവനന്തപുരം: തിരുവനന്തപുരം സര്ക്കാര് ലോ കോളേജിലെ ക്യാമ്പസിനകത്ത് അനധികൃത നിര്മ്മാണം നടത്തിയ വിദ്യാര്ത്ഥികള്ക്ക് സസ്പെന്ഷന്. ലോ കോളേജിലെ വനിതാ ഹോസ്റ്റലിന് മുന്നില് അനധികൃത നിര്മ്മാണം നടത്തിയതിനെ തുടര്ന്നാണ് നാല് വിദ്യാര്ത്ഥികളെ പ്രിന്സിപ്പല് അന്വേഷണവിധേയമായി സസ്പെന്ഡ് ചെയ്തത്. എസ്എഫ്ഐ ലോ കോളേജ് യൂണിറ്റ് സെക്രട്ടറി അല് സഫര് നവാസ്, പ്രസിഡന്റ് സഫര് ഗഫൂര്, പ്രവര്ത്തകരായ അര്ജുന് പി എസ്, വേണുഗോപാല് എന്നിവര്ക്കെതിരെയാണ് നടപടി.
നിര്മ്മാണം നിര്ത്തിവെയ്ക്കാന് വിദ്യാര്ത്ഥികള്ക്ക് നിര്ദേശം നല്കിയിരുന്നെങ്കിലും പാലിച്ചില്ലെന്നും നിര്മ്മാണ പ്രവര്ത്തനവുമായി മുന്നോട്ട് പോയെന്നും സസ്പെന്ഷന് ഉത്തരവില് പറയുന്നു. വിദ്യാര്ത്ഥികളുടെ പ്രവൃത്തി ഗുരുതര അച്ചടക്കലംഘനമാണെന്നും സര്ക്കാര് ഭൂമി കയ്യേറുന്നത് ക്രിമിനല് പ്രവര്ത്തനമാണെന്നും വിലയിരുത്തിയാണ് നടപടി.
എസ്എഫ്ഐ രക്തസാക്ഷിയായ മുന് ലോ കോളേജ് യൂണിയന് ചെയര്മാന് എ എം സക്കീറിന്റെ സ്മരണാര്ത്ഥം നിര്മ്മിച്ചതാണ് സ്തൂപം. ശനിയാഴ്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് സ്തൂപം അനാച്ഛാദനം ചെയ്യാനിരിക്കെയാണ് കോളേജിന്റെ നടപടി. സസ്പെന്ഷന് നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം നിര്മ്മിതി നീക്കം ചെയ്യണമെന്നും നിര്ദേശമുണ്ട്. നടപടി കാലയളവില് വിദ്യാര്ത്ഥികള് ക്യാമ്പസിനുള്ളില് പ്രവേശിക്കാനോ ക്യാമ്പസ് പ്രവര്ത്തനങ്ങളില് ഉള്പ്പെടാനോ പാടില്ലെന്നും സസ്പെന്ഷന് ഉത്തരവില് പറയുന്നു.
Content Highlights: sfi Leaders suspened for illegal construction on Thiruvananthapuram Law college