പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുല് മാങ്കൂട്ടത്തിൽ എംഎൽഎയെ വിശദമായി ചോദ്യം ചെയ്യാന് പ്രത്യേക അന്വേഷണ സംഘം. അതിജീവിതയുടെ പരാതിയുടേയും മൊഴിയുടേയും അടിസ്ഥാനത്തിലാണ് എസ്ഐടി ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇരുപതിലധികം ചോദ്യങ്ങള്ക്കുള്ള ഉത്തരമായിരിക്കും രാഹുല് മാങ്കൂട്ടത്തില് നിന്നും എസ്ഐടി തേടുക.
രാഹുൽ നിലവിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലയെന്നും എസ്ഐടി അറിയിച്ചു. ആവർത്തിച്ച് ചോദിച്ചിട്ടും ഫോൺ,ലാപ് ടോപ്പ് പാസ് വേഡുകൾ രാഹുൽ നൽകിയിട്ടില്ല.
രാഹുലുമായി ഇതുവരെ തെളിവെടുപ്പ് നടത്തിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം മാത്രമായിരിക്കും ഇക്കാര്യങ്ങളിലേക്ക് കടക്കുകയെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവല്ലയിലും പാലക്കാട്ടും എംഎല്എയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. നാളെ തെളിവെടുപ്പ് ആരംഭിച്ചേക്കുമെന്നും എസ്ഐടി അറിയിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനായി ഡിഐജി ജി പൂങ്കുഴലി തിരുവനന്തപുരത്ത് തുടരുകയാണ്.
ജനുവരി 15 വരെയാണ് രാഹുല് മാങ്കൂട്ടത്തിലിനെ തിരുവല്ല മജിസ്ട്രറ്റ് കോടതി കസ്റ്റഡിയില് വിട്ടിരിക്കുന്നത്.16ന് രാഹുലിന്റെ ജാമ്യഹര്ജി വീണ്ടും പരിഗണിക്കും. രാഹുലിനെതിരെ കേസെടുത്തത് പോലും നടപടിക്രമങ്ങള് പാലിക്കാതെയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോണ്ഫറന്സ് വഴിയാണെന്നും മൊഴിയെടുത്താല് മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്ന കാര്യം പാലിച്ചില്ലെന്നും രാഹുലിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. അറസ്റ്റ് വിവരം പ്രതിയോട് പറഞ്ഞില്ല. അറസ്റ്റിന്റെ കാരണങ്ങള് പര്യാപ്തമല്ല. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില് അറസ്റ്റ് രേഖപ്പെടുത്തണമെന്ന നിബന്ധന പാലിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല് രാഹുല് അറസ്റ്റ് നോട്ടീസില് ഒപ്പിടാത്തത് എന്താണെന്ന് കോടതി തിരിച്ച് ചോദിച്ചു. അറസ്റ്റിനെ താന് തടഞ്ഞിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു രാഹുലിന്റെ വാദം. പൊലീസ് തന്നെ കൊണ്ടുനടന്ന് പ്രദര്ശിപ്പിക്കാന് ശ്രമിക്കുകയായിരുന്നുവെന്നും അറസ്റ്റിന് ശേഷം ഏറെ നേരം കസ്റ്റഡിയില് വെച്ചെന്നും രാഹുല് പറഞ്ഞു.
തനിക്കെതിരായ പ്രതികാര നടപടിയാണ് ഇത്. ഹോട്ടല് മുറി ബുക്ക് ചെയ്തത് താനല്ല. അതുകൊണ്ട് ഹോട്ടലില് കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ട കാര്യമില്ല. തനിക്കെതിരായ എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നും രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.
വിശദമായ ചോദ്യം ചെയ്യലിന് രാഹുല് മാങ്കൂട്ടത്തിലിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില് വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല് പ്രതിഭാഗത്തിന്റെ വാദം കൂടി പരിഗണിച്ച കോടതി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില് വിടാന് ഉത്തരവിട്ടു. മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല് മാങ്കൂട്ടത്തിലിനെ ഇപ്പോള് കസ്റ്റഡിയില് വിട്ടിരിക്കുന്നത്. വിവാഹവാഗ്ദാനം നല്കി ഹോട്ടലില് വിളിച്ച് വരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കി എന്നതാണ് രാഹുലിനെതിരായ കേസ്.
Content Highlight : Rahul Mamkootathil will be questioned in detail. The SIT has prepared questions based on the survivor's complaint and statement.