കോട്ടയം: ശബരിമല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് എരുമേലി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര് ഉത്തരവായി. ഗതാഗത തിരക്ക് പരിഗണിച്ചാണ് ബുധനാഴ്ച (ജനുവരി14) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചത്.
മകരവിളക്കിനോട് അനുബന്ധിച്ച് നാളെ പത്തനംതിട്ട ജില്ലയിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു. പൊങ്കൽ പ്രമാണിച്ച് വ്യാഴാഴ്ച്ചയും പത്തനംതിട്ട ജില്ലയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (ജനുവരി 14 ) അവധി പ്രഖ്യാപിച്ചു. കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലാണ് അവധി പ്രഖ്യാപിച്ചത്.
മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കു, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Content Highlights: erumely grama panchayat declares holiday for all educational institutions due to makaravilakku