തൃശ്ശൂർ: നാളെ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദി സന്ദർശിച്ച് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തേക്കിൻകാട് മൈതാനത്തെ വേദിയിലെത്തിയ സുരേഷ് ഗോപി, കലോത്സവ ഒരുക്കം വിലയിരുത്തുകയും ഊട്ടുപുര സന്ദർശിക്കുകയും ചെയ്തു. 2026 ലെ തൃശ്ശൂർ പൂരത്തിന്റെ കർട്ടൻ റെയ്സറായിരിക്കും കലോത്സവമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. പൂരം കാണുന്നതു പോലെ ലോകം മുഴുവൻ കലോത്സവവും ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ലാസിക് കലകളും മിമിക്രിയും കാണാനായി കാത്തിരിക്കുകയാണെന്നും എം പി പറഞ്ഞു.
കലോത്സവ വേദികളുടെ പേരിൽനിന്ന് നേരത്തെ താമര ഒഴിവാക്കിയ സംഭവത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. എല്ലാത്തിലും രാഷ്ട്രീയം കാണുന്നതാണ് പ്രശ്നം, രാഷ്ട്രം എന്ന് വിചാരിച്ചാൽ മതി. താമര കണ്ടാൽ ആർക്കെങ്കിലും അസ്വസ്ഥത തോന്നുമോ? താമരയോട് എങ്ങനെയാണ് രാഷ്ട്രീയം കാണാൻ കഴിയുന്നത്. സംഘാടകരെ ആരെങ്കിലും വഴിതെറ്റിച്ചതാകാനാണ് സാധ്യത. കലയുടെ ലോകത്ത് രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. താമര പൂജാ പുഷ്പമല്ലേ എന്നും സുരേഷ് ഗോപി പറഞ്ഞു. താമര പൂവിന്റെ ചിത്രമുള്ള മുണ്ട് ഉടുത്താണ് സുരേഷ് സുരേഷ് ഗോപി എത്തിയത്.
കലോത്സവേദിക്ക് പുഷ്പങ്ങളുടെ പേര് നൽകിയതിൽ താമരയുടെ പേര് മാത്രം ഇല്ലായിരുന്നു. ഇതിൽ യുവമോർച്ചയടക്കം പ്രതിഷേധിക്കുകയുമുണ്ടായി. താമര രാഷ്ട്രീയ പാര്ട്ടിയുടെ ചിഹ്നമായതിനാല് വിവാദം വേണ്ടെന്ന് കരുതി ഒഴിവാക്കിയതാണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയുടെ വിശദീകരണം. എന്നാൽ പിന്നീട് ഡാലിയയുടെ പേര് ഒഴിവാക്കി പതിനഞ്ചാം നമ്പര് വേദിക്ക് താമര എന്ന് പേരിടാനാണ് തീരുമാനം
അതേസമയം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യത്തോട് 'സ്വാമിയേ ശരണമയ്യപ്പ'എന്ന മറുപടി സുരേഷ് ഗോപി ആവർത്തിച്ചു.
64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെയാണ് തിരിതെളിയുക. 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പതിനായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മിനി പൂരം നടക്കും. നാളെ രാവിലെ പ്രധാന വേദിയായ എക്സിബിഷൻ ഗ്രൗണ്ടിനു മുമ്പിൽ ഒമ്പതുമണിയോടെയാണ് മേളത്തിന് തുടക്കമാവുക. തൃശ്ശൂർ പൂരത്തിലെ ഏറ്റവും ആകർഷക ഇനമായ ഇലഞ്ഞത്തറമേളത്തിൽ കൊട്ടുന്ന പാണ്ടിമേളം പ്രധാന വേദിക്ക് മുമ്പിൽ അരങ്ങേറും. 64 മത് കലോത്സവത്തെ ഓർമിപ്പിക്കുന്ന 64 മുത്തുക്കുടകൾ അണിനിരക്കും. തുടർന്ന് നൂറിലധികം മേള കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളത്തിന് തുടക്കമാകും. പൂരത്തിന്റെ മേള പ്രമാണിമാരുടെ നേതൃത്വത്തിലാണ് പാണ്ടിമേളം അരങ്ങേറുന്നത്.
Content Highlights: kerala school kalolsavam; central minister suresh gopi visited the venue