തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചർച്ചകൾ മുസ്ലിം ലീഗിന്റെ മധ്യസ്ഥതയിൽ ദുബായിൽ നടക്കുന്നതായി വിവരം. ലീഗ് നേതാവും ഗൾഫിലെ വ്യവസായിയുമായ മലപ്പുറം സ്വദേശിയുടെ വീട്ടിലാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും കുടുംബവും നിലവിൽ ഉള്ളത്. ഈ വ്യവസായിയുടെ മലപ്പുറത്തെ വീട്ടിൽ വെച്ച് മുമ്പും മുന്നണിമാറ്റ ചർച്ച നടന്നിട്ടുണ്ടെന്നാണ് വിവരം.
നാല് ദിവസം മുമ്പാണ് ജോസ് കെ മാണിയും ഭാര്യയും മകനും ദുബായിൽ എത്തിയത്. അവിടെനിന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി മുന്നണി മാറ്റചർച്ചകളിൽ ജോസ് കെ മാണി ആശയവിനിമയം നടത്തിയതായാണ് വിവരം.
മുന്നണിമാറ്റത്തിൽ ഏകദേശ ധാരണയിലെത്തിയതായും നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുകളിലാണ് അന്തിമ തീരുമാനം എടുക്കാനുള്ളതെന്നുമാണ് സൂചന. ആറ് സീറ്റ് യുഡിഎഫ് ഇതിനോടകം ഉറപ്പു നൽകിയതായും വിവരമുണ്ട്. അഞ്ച് സിറ്റിങ് സീറ്റ് കൂടാതെ ജോസ് കെ മാണിക്ക് മത്സരിക്കാനായി പാല സീറ്റിലുമാണ് ധാരണയായത്. മറ്റ് സീറ്റുകൾ സംബന്ധിച്ചാണ് ഇനി തീരുമാനത്തിൽ എത്താനുള്ളത്. നിലവിലെ ഷെഡ്യൂൾ അനുസരിച്ച് ജോസ് കെ മാണി ഇന്ന് വൈകിട്ട് കേരളത്തിൽ തിരിച്ചെത്തും.
Content Highlights: Kerala Congress M's alliance changes talks are taking place in Dubai