നവകേരള സർവേ ഫണ്ട് വിനിയോഗം, സർക്കാർ വ്യക്തത വരുത്തണം; വിശദീകരണം തേടി ഹൈക്കോടതി

ഫണ്ട് വിനിയോഗത്തെ കുറിച്ച് സർക്കാർ സത്യവാങ്മൂലം നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്

തിരുവനന്തപുരം: നവകേരള സർവേ ഫണ്ട് വിനിയോഗം ചോദ്യം ചെയ്തുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സർവേക്ക് ഫണ്ട് നൽകുന്നതിൽ സർക്കാർ വ്യക്തത വരുത്തണമെന്നും ഫണ്ട് വിനിയോഗത്തെ കുറിച്ച് സർക്കാർ സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സർക്കാർ ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നൽകണം. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നൽകിയ ഹർജിയിലാണ് നിർദേശം.

കഴിഞ്ഞ ഒക്ടോബർ 29ലെ മന്ത്രിസഭാ യോഗമാണ് നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന പേരിൽ സർവ്വേ നടത്താൻ തീരുമാനമെടുത്തത്. ഇത് അധികാരത്തിന്റെയും പൊതുസമ്പത്തിന്റെയും ദുർവ്വിനിയോഗം ആണെന്നാണ് പൊതുതാൽപര്യ ഹർജിയിലെ ആക്ഷേപം.നിയമവിരുദ്ധമായ സർവ്വേ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കണം. വിവര ശേഖരണത്തിനായി നടത്തിയ സർവ്വേ സിപിഐഎമ്മിന്റെ രാഷ്ട്രീയ നേട്ടത്തിനായി ഭരണമുന്നണി ദുരുപയോഗം ചെയ്യുകയാണ്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനാണ് സംസ്ഥാന സർക്കാർ സർവ്വേ സംഘടിപ്പിക്കുന്നത്. 20 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത് എന്നുമാണ് പൊതുതാൽപര്യ ഹർജിയിലെ ആവശ്യം.

ഭരണഘടനാ വിരുദ്ധമായ നടപടി റദ്ദാക്കണം. സർവ്വേയുടെ നടത്തിപ്പ് വിശദാംശങ്ങളും സാമ്പത്തിക സ്രോതസ്സും ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെടണം. സർവ്വേ നടപടികളും ഫണ്ട് വിനിയോഗവും ഹൈക്കോടതി നേരിട്ട് വിലയിരുത്തണമെന്നുമാണ് അലോഷ്യസ് സേവ്യർ നൽകിയ ഹർജിയിലെ ആവശ്യം.

ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. പരിശീലനം നേടിയ അയ്യായിരത്തോളം വൊളന്റിയർമാരിലൂടെ ഗൃഹസന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ. സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള പദ്ധതി ആയാണ് സർവേയെ സർക്കാർ അവതരിപ്പിച്ചത്.

Content Highlights:‌ High Court sought an explanation from the state government on a petition questioning the utilization of the Nava Kerala Survey Fund

To advertise here,contact us