കണ്ണൂര്: ഡിജിറ്റല് അറസ്റ്റ് നീക്കം പൊളിച്ച് പൊലീസ്. വിരമിച്ച ബാങ്ക് മാനേജറെ ഡിജിറ്റല് അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പൊലീസ് തടഞ്ഞത്. തോട്ടട സ്വദേശി പ്രമോദ് മഠത്തിലിനെ ആണ് ഡിജിറ്റല് അറസ്റ്റിന് ഇരയാക്കാന് ശ്രമിച്ചത്. പോപ്പുലര് ഫ്രണ്ട് ബന്ധം ആരോപിച്ചായിരുന്നു തട്ടിപ്പിന് ശ്രമം.
ഞായറാഴ്ചയാണ് പ്രമോദിനെ ഡിജിറ്റല് അറസ്റ്റ് ചെയ്യുന്നതായി ഫോണ് കോള് വന്നത്. മുംബൈയില് എന്ഐഎ ഒരു പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോള് പ്രമോദിന്റെ വിവരങ്ങള് ലഭിച്ചെന്നുമായിരുന്നു ഫോണ് കോള് ചെയ്തയാള് പറഞ്ഞത്. പ്രമോദ് ഉടന് സൈബര് ഉദ്യോഗസ്ഥരെ കാര്യം അറിയിച്ചു. തുടര്ന്ന് ഇന്നലെ സൈബര് പൊലീസ് പ്രമോദിന്റെ വീട്ടിലെത്തുകയും പ്രമോദ് അയാളെ വീഡിയോ കോള് ചെയ്യുകയും ചെയ്തു.
സര്ക്കാര് ഓഫീസിന്റെ പശ്ചാത്തലത്തില് പൊലീസ് യൂണിഫോം ധരിച്ച മലയാളിയായിരുന്നു വീഡിയോ കോള് എടുത്തത്. ഡിജിറ്റല് അറസ്റ്റ് ചെയ്യുന്നുവെന്ന വിവരങ്ങള് ഇയാള് പറയുന്നതിനിടയില് ഫോണില് ഇയ്ക്ക് കയറി തട്ടിപ്പ് പൊളിക്കുകയായിരുന്നു. പ്രമോദ് തട്ടിപ്പുകാരനെ ഫോണ് വിളിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്ത് വന്നിട്ടുണ്ട്. 'ഞങ്ങള് മൊത്തം ടീമുണ്ട്, നീ എവിടെയാ?' എന്ന് പൊലീസുകാര് ചോദിക്കുന്നതും വീഡിയോയില് കാണാം. സംഭവത്തില് സൈബര് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം തളാപ്പിലെ ഡിജിറ്റല് അറസ്റ്റില് 15 ലക്ഷം രൂപ നഷ്ടമായിട്ടുണ്ട്. എന്ഫോഴ്സ്മെന്റ ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ഒരു ദിവസം മുഴുവന് തളാപ്പ് സ്വദേശിയെ ഡിജിറ്റല് അറസ്റ്റിന് വിധേയമാക്കി. പരാതിക്കാരന്റെ അക്കൗണ്ട് നരേഷ് ഗോയല് മണി ലോണ്ടറിങ് കേസില് ഉള്പ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. അതുമായി ബന്ധപ്പെട്ട് കേസ് എടുത്തിട്ടുണ്ട് എന്നും അറിയിച്ചിരുന്നു. തുടര്ന്നാണ് 15 ലക്ഷം രൂപ ട്രാന്സ്ഫര് ചെയ്യിച്ചത്. ഇതിലും സൈബര് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Cyber police and retired bank manager, successfully prevented a digital arrest scam