കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌സി സ്ഥാപകനും മുന്‍ രാജ്യസഭാ അംഗവുമായിരുന്നു തോമസ് കുതിരവട്ടം

പത്തനംതിട്ട: കേരള കോൺഗ്രസ് മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം(80) അന്തരിച്ചു. ചെങ്ങന്നൂരിലെ കല്ലിശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌സി സ്ഥാപകനും മുന്‍ രാജ്യസഭാ അംഗവുമായിരുന്നു തോമസ് കുതിരവട്ടം.

കേരള കോൺഗ്രസ്(എം) നേതാവായിരുന്നെങ്കിലും ഒരു ഘട്ടത്തിൽ തെറ്റിപ്പിരിഞ്ഞ് കേരള കോൺഗ്രസ് (ബി)യിൽ ചേർന്നിരുന്നു. പിന്നീട് വീണ്ടും കേരള കോൺഗ്രസ് (എം)ൽ തിരികെ എത്തിയെങ്കിലും സജീവ പ്രവർത്തനത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ച്ചയായി രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു. വൃക്ക രോഗം ബാധിച്ച തോമസ് കുതിരവട്ടം നാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു. 1984 മുതല്‍ 91 വരെ തോമസ് കുതിരവട്ടം രാജ്യസഭാ അംഗമായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ജോണി കുതിരവട്ടമടക്കമുള്ളവര്‍ കേരള കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരാണ്.

Content Highlight; Senior Kerala Congress leader Thomas Kuthiravattom passes away

To advertise here,contact us