സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാദ്ധ്യക്ഷന്‍ യുഎം അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ അന്തരിച്ചു

1992ലാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാദ്ധ്യക്ഷന്‍ യുഎം അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ അന്തരിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാദ്ധ്യക്ഷനും ചട്ടഞ്ചല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറിയുമായ മൊഗ്രാല്‍ കടവത്ത് ദാറുസ്സലാമില്‍ യുഎം അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ അന്തരിച്ചു. 86 വയസായിരുന്നു. ഒരാഴ്ചയോളമായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച അദ്ദേഹത്തെ വസതിയിലേക്ക് കൊണ്ടുവന്നിരുന്നു.

അബ്ദുല്‍ഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബര്‍ രണ്ടിനായിരുന്നു അബ്ദുറഹ്‌മാന്‍ മുസ്ലിയാരുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1963 - 1964 കാലഘട്ടത്തില്‍ മൗലവി ഫാളില്‍ ബാഖവി വിദ്യാഭ്യാസം നേടിയ അദ്ദേഹം മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവന്‍തിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളിലായിരുന്നു മതപഠനം നടത്തിയത്.

മൊഗ്രാല്‍ അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, കുറ്റിപ്പുറം അബ്ദുല്‍ഹസന്‍, കെ. അബ്ദുല്ല മുസ്ലിയാര്‍, വെളിമുക്ക് കെ.ടി മുഹമ്മദ് കുട്ടി മുസ്ലിയാര്‍, ചാലിയം പി. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, എം.എം ബഷീര്‍ മുസ്ലിയാര്‍, ശൈഖ് ഹസന്‍ ഹസ്റത്ത്, അബൂബക്കര്‍ ഹസ്രത്ത്, കെ.കെ ഹസ്രത്ത്, മുസ്തഫ ആലിം എന്നിവരാണു പ്രധാന ഗുരുനാഥന്‍മാര്‍.

1992ലാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായത്. 1991 മുതല്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗം, എസ്.വൈ.എസ് സംസ്ഥാന കൗണ്‍സില്‍ അംഗം, സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, എസ്.എം.എഫ് മഞ്ചേശ്വരം മണ്ഡലം ചെയര്‍മാന്‍, 1974 മുതല്‍ സമസ്ത കാസര്‍കോട് താലൂക്ക് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

നിലവില്‍ ബദിയടുക്ക കണ്ണിയത്ത് അക്കാദമി പ്രസിഡന്റ്, ചെമ്മാട് ദാറുല്‍ ഇസ്ലാമിക് സര്‍വകാലശാലാ സെനറ്റ് അംഗം, നീലേശ്വരം മര്‍ക്കസുദ്ദഅ്വ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കുമ്പള ജുമാമസ്ജിദ്, ഇച്ചിലങ്കോട് ജുമാമസ്ജിദ്, മൊഗ്രാല്‍ ജുമാമസ്ജിദ്, തൃക്കരിപ്പൂര്‍ ബീരിച്ചേരി ജുമാമസ്ജിദ്, പുതിയങ്ങാടി ജുമാമസ്ജിദ്, കളനാട് ഹൈദ്രോസ് ജുമാമസ്ജിദ്, വള്‍വക്കാട് ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു.

ഭാര്യമാര്‍: സകിയ്യ, പരേതയായ മറിയം. മക്കള്‍: മുഹമ്മദലി ശിഹാബ്, ഫള്ലുറഹ്‌മാന്‍, നൂറുല്‍ അമീന്‍, അബ്ദുല്ല ഇര്‍ഫാന്‍, ഷഹീറലി ശിഹാബ് (എല്ലാവരും ഗള്‍ഫ്), ഖദീജ, മറിയം ഷാഹിന (നാലാം മൈല്‍), പരേതരായ മുഹമ്മദ് മുജീബ് റഹ്‌മാന്‍, ആയിശത്തുഷാഹിദ (ചേരൂര്‍). മരുമക്കള്‍: യു.കെ മൊയ്തീന്‍ കുട്ടി മൗലവി (മൊഗ്രാല്‍), സി.എ അബ്ദുല്‍ഖാദര്‍ ഹാജി (സഊദി), ഇ. അഹമ്മദ് ഹാജി (ചേരൂര്‍), ഖജീദ (ആലംപാടി), മിസ്രിയ (കൊടിയമ്മ), സഫീന (തളങ്കര), മിസ്രിയ (പേരാല്‍ കണ്ണൂര്‍), ജാസിറ (മുട്ടത്തൊടി), ജുമാന (മൊഗ്രാല്‍).

Content Highlights: Samastha Kerala Jamiyyathul Ulama Vice President UM Abdurahman Musliyar passes away

To advertise here,contact us