തിരുവനന്തപുരം: ബലാത്സംഗ പരാതിയിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉമ്മൻ ചാണ്ടിയുടെ കൂടി വിജയമെന്ന് യുവ നടി റിനി ആൻ ജോർജ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ആകാൻ ഉമ്മൻ ചാണ്ടി നിർദേശിച്ചത് മറ്റൊരാളുടെ പേരായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ അത് അട്ടിമറിച്ചുവെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു. ഉമ്മൻ ചാണ്ടിയുടെ മകനെ പോലും ഒഴിവാക്കാൻ രാഹുൽ പരിശ്രമിച്ചു. സ്വയം ഉമ്മൻ ചാണ്ടി ആയി നടിക്കുകയാണ് രാഹുൽ എന്നും റിനി ആരോപിച്ചു.
'ഇത് ഉമ്മൻ ചാണ്ടിയുടെയും വിജയം. അതിജീവിതകൾ സരിതകളും അയാൾ ഉമ്മൻ ചാണ്ടിയും എന്ന് പ്രചരിപ്പിക്കുന്നവർക്കായി സമർപ്പിക്കുന്നു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആകാൻ ഉമ്മൻ ചാണ്ടി നിർദേശിച്ച പേര് മറ്റൊരാളുടേതായിരുന്നു എന്നാൽ അദ്ദേഹത്തിന്റെ മരണം മുൻനിർത്തി അത് അട്ടിമറിക്കപ്പെടുക ആയിരുന്നു. എന്നിട്ട് അദ്ദേഹത്തിന്റെ കല്ലറയിലും ഗീവർഗീസ് പുണ്യാളന്റെ പള്ളിയിലും വരെ രാഹുൽ അഭിനയിച്ച് തകർത്തു. എന്നാൽ പ്രസിഡന്റ് സ്ഥാനത്തെ കാലാവധി പൂർത്തീകരിക്കാൻ അയാൾക്ക് സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്' റിനി പറയുന്നു.
'ഉമ്മൻ ചാണ്ടിയുടെ പിൻഗാമി എന്ന് അവകാശപ്പെടുമ്പോഴും അദ്ദേഹത്തിന്റെ സ്വന്തം മകനെ പോലും ഒഴിവാക്കാനുള്ള സകല പരിശ്രമങ്ങളും രാഹുൽ നടത്തി. ഇപ്പോൾ ഇതാ സ്വയം അഭിനവ ഉമ്മൻ ചാണ്ടി ആയി അവരോധിക്കാൻ ഉള്ള നാടകം നടത്തുന്നു. ഒന്നും ചെയ്യാത്ത തന്നെ, സരിതകൾ വന്നു നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന കഥകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു. സ്വയം ഉമ്മൻ ചാണ്ടി ആയി നടിക്കുന്ന ഈ വ്യക്തിയാൽ ഉപദ്രവിക്കപ്പെട്ട നിരവധി പെൺകുട്ടികളുടെ കേസുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. പല യുവതികൾ ഇത്തരത്തിൽ അബോർഷൻ ചെയ്യപ്പെട്ടതായും വിവരങ്ങൾ ഉണ്ട്. ഇനിയും കണ്ടെത്താത്ത കേസുകളും വിവരങ്ങളും ഉണ്ടാകാം. പൈശാചികവും നിഷ്ഠൂരവുമായ ലൈംഗീക പീഡനത്തിന് വിധേയയാക്കി എന്ന് പെൺകുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തുന്ന മൊഴികൾ പുറത്തു വന്നിട്ടും ഇത്തരത്തിൽ ഉള്ള ഒരു വ്യക്തിയുമായി ഉമ്മൻ ചാണ്ടിയെ പോലെ ഒരു നേതാവിനെ താരതമ്യപെടുത്തുന്നത് ന്യായമാണോ?' റിനി കുറിപ്പിൽ പറയുന്നു.
'കോൺഗ്രസിനെ നശിപ്പിക്കാൻ രാഷ്ട്രീയ പ്രേരിതമായി ഇറങ്ങി എന്ന് പറയുന്നവരോട് കോൺഗ്രസിനെ തോൽപ്പിക്കുക എന്നതല്ല ലക്ഷ്യം, കോൺഗ്രസിന്റെ അന്തസ്സിനെ നശിപ്പിക്കുന്ന ഹിംസാത്മകമായ ഇത്തരം പ്രവണതകളെ ഇല്ലാതാക്കുക എന്നതാണ്. അതിൽ ഏറ്റവും ആനന്ദിക്കുന്നതും ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവ് തന്നെയായിരിക്കും.' റിനി കുറിച്ചു.
ഒരു യുവ നേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതികളുടെ കൂടുതൽ വെളിപ്പെടുത്തലുകളും പരാതികളും പുറത്തുവന്നത്. ഇതിന് പിന്നാലെ രാഹുൽ അനുകൂലികളിൽനിന്ന് വധഭീഷണിയടക്കം നേരിട്ടതായി റിനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽനിന്നും രാഹുലിന് രാജിവെക്കേണ്ടിയും പാർട്ടി നടപടികൾ നേരിടേണ്ടി വന്നതും.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളുണ്ടായ സമയത്ത് ഉമ്മൻചാണ്ടി രാഹുലിനെ മാറ്റിനിർത്താൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഉമ്മൻചാണ്ടിയുടെ മനസ്സിനെ മുറിവേൽപ്പിക്കുന്ന പ്രതികരണമാണ് അന്ന് ഷാഫി നടത്തിയതെന്നും ഡിവൈഎഫ്ഐ നേതാവ് എ കെ ഷാനിബും പറഞ്ഞിരുന്നു. സ്ത്രീകളോട് ഏറ്റവും അറപ്പുളവാക്കുന്ന രീതിയിൽ പെരുമാറുന്ന ഒരു ക്രിമിനലിന് വേണ്ടി ഉമ്മൻചാണ്ടിയെ പോലും അവഗണിച്ച് ശക്തമായി നിന്നയാളാണ് ഷാഫി എന്നും ഷാനിബ് ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ നിമിഷം വരെയ്ക്കും തനിക്ക് തെറ്റ് പറ്റിയെന്നോ അയാളെ മനസ്സിലാക്കാൻ കഴിയാതെ പോയി എന്നോ പറയാൻ ഷാഫി തയ്യാറായിട്ടില്ലെന്നും ഷാനിബ് ആരോപിച്ചിരുന്നു.
മൂന്നാമത്തെ ബലാത്സംഗക്കേസില് ഇന്നലെയാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തത്. വിവാഹവാഗ്ദാനം നല്കി ഹോട്ടലില് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു ഗര്ഭിണിയാക്കിയെന്ന കേസിലാണ് അറസ്റ്റ്. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
Content Highlights : Rini Ann George says Rahul Mamkootathil's arrest is a success for Oommen Chandy