'ആരേയും കാണാന്‍ താല്‍പര്യം ഇല്ല'; ജയിലിലെത്തിയ അടൂരിലെ കോണ്‍ഗ്രസ് പ്രവർത്തകനെ കാണാന്‍ കൂട്ടാക്കാതെ രാഹുല്‍

രാഹുലിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യം

പത്തനംതിട്ട: മാവേലിക്കര ജയിലില്‍ എത്തിയ അടൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാന്‍ കൂട്ടാക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. മാവേലിക്കരയിലെ സ്‌പെഷ്യല്‍ സബ്ജയിലിലാണ് രാഹുല്‍ റിമാന്‍ഡില്‍ കഴിയുന്നത്. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ന് ജാമ്യാപേക്ഷ നല്‍കുമെങ്കിലും വാദത്തിലേക്ക് കടക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ജയില്‍വാസം നീളും. അതേസമയം രാഹുലിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യം.

രാഹുലിന്റെ അറസ്റ്റ് എസ്‌ഐടി സ്പീക്കറെ അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പ്രിവ്‌ലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിടുമെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ അറിയിച്ചിരുന്നു. എംഎല്‍എ സ്ഥാനത്ത് നിന്നും പുറത്താക്കുന്നത് സംബന്ധിച്ച് നിയമസഭാ പ്രിവ്‌ലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്യേണ്ടത്.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വഴിപാടും പൂജയും നടത്തിയതിന്റെ രസീത് പുറത്തുവന്നു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി റെജോ വള്ളംകുളമാണ് പള്ളിയിലും ക്ഷേത്രത്തിലും വഴിപാട് നടത്തിയത്. പുതുപ്പള്ളി പള്ളിയില്‍ മൂന്നിന്മേല്‍ കുര്‍ബാന, നന്നൂര്‍ ദേവി ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ, ഭാഗ്യസൂക്താര്‍ച്ചന എന്നിങ്ങനെയാണ് നടത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുചെയ്‌തോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും രാഹുലിന്റെ പ്രതിസന്ധി പ്രതിസന്ധി സമയം മാറാനാണ് പൂജയെന്നും റെജോ വള്ളംകുളം പറഞ്ഞത്.

'ഒരു യുവനേതാവിനെ സൈബര്‍ ഇടങ്ങളിലും എതിര്‍രാഷ്ട്രീയ പാര്‍ട്ടികളും വേട്ടയാടുമ്പോള്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയെന്നത് ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉത്തരവാദിത്തമാണ്. ഒരുപാട് വേട്ടയാടപ്പെടുന്ന സ്ഥിതി വരുമ്പാഴാണ് ഇത്തരത്തില്‍ പ്രതികരിച്ചുപോകുന്നത്', എന്നുമാണ് റെജോ പറഞ്ഞത്.Content Highlights: Rahul Mamkootathil refuses to meet Congress leaders in Adoor who have reached jail

To advertise here,contact us