കേരള കോണ്‍ഗ്രസ് (എം) വന്നാല്‍ സ്വാഗതം ചെയ്യും; യോജിക്കാന്‍ പറ്റുന്ന എല്ലാവരുമായി സഹകരിക്കും: പിഎംഎ സലാം

'അടിത്തറ വികസിപ്പിക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. യോജിക്കാന്‍ പറ്റുന്ന എല്ലാവരുമായി സഹകരിക്കും'

കോഴിക്കോട്: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമായിരിക്കെ വിഷയത്തില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കേരള കോണ്‍ഗ്രസ് (എം) വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് പിഎംഎ സലാം പറഞ്ഞു. അടിത്തറ വികസിപ്പിക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. യോജിക്കാന്‍ പറ്റുന്ന എല്ലാവരുമായി സഹകരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാല്‍ ഗുണം ചെയ്യുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം.

'യുഡിഎഫിലേക്ക് ആര് വന്നാലും ഗുണം ചെയ്യും. യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുകയാണ് ലക്ഷ്യം. യുഡിഎഫിന്റെ ആശയങ്ങളുമായി യോജിക്കുന്ന ജനാധിപത്യ മതേതര വിശ്വാസികളായ എല്ലാ വിഭാഗങ്ങളെയും യുഡിഎഫ് സ്വീകരിക്കും', പിഎംഎ സലാം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയും മുന്നണിയും സജ്ജമാണെന്നും പിഎംഎ സലാം പറഞ്ഞു. മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെ യുഡിഎഫിന്റെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് സെമി ഫൈനലായിരുന്നു. അതില്‍ അഭൂതപൂര്‍വമായ വിജയമാണ് ലഭിച്ചത്. ഇനി ഫൈലനാണ്. മുസ് ലിം ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നാണ് പാണക്കാട് തങ്ങള്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ച നടക്കുമെന്നും പിഎംഎ സലാം വ്യക്തമാക്കി.

Content Highlights- Muslim league state general secretary pma salam welcome kerala congress to udf

To advertise here,contact us