ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത എൽഡിഎഫ് അംഗം രാജിവെച്ചു

രാമചന്ദ്രൻ രാജിവെച്ചതോടെ ചേലക്കര ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡിലെ കുറുമലയിൽ ഉപതരെഞ്ഞെടുപ്പ് നടക്കും

തൃശൂര്‍: ചേലക്കര ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് മെമ്പര്‍ പി എന്‍ രാമചന്ദ്രന്‍ രാജിവെച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30-ന് ചേലക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയലക്ഷ്മിക്ക് മുമ്പാകെയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ കുറുമല വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. 24 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 12 വീതം സീറ്റുകള്‍ എല്‍ഡിഎഫും യുഡിഎഫും നേടിയിരുന്നു.

തുടര്‍ന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ഗോപാലകൃഷ്ണന്‍ യുഡിഎഫിലെ 12-ഉം എല്‍ഡിഎഫിലെ ഒരുവോട്ടും ചേര്‍ന്ന് 13 വോട്ടുകള്‍ നേടി വിജയിച്ചത് വലിയ വിവാദമായിരുന്നു. പിന്നാലെ രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

വോട്ട് മാറിയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു രാമചന്ദ്രന്റെ വാദം.

പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തത് അതീവ ഗൗരവകരമായ വീഴ്ചയാണെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം വി മനോജ് കുമാര്‍ പറഞ്ഞിരുന്നു.

നറുക്കെടുപ്പിനുള്ള അവസരം പോലും ലഭിക്കാതെ യുഡിഎഫിന് അധികാരം ലഭിക്കാനുണ്ടായ സാഹചര്യം ഉണ്ടാക്കിയ രാമചന്ദ്രനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനോടൊപ്പം കൂറുമാറ്റ നിരോധന നിയമപ്രകാരം രാമചന്ദ്രനെ അയോഗ്യക്കാനുള്ള നടപടികളിലേക്ക് കടക്കാനും സിപിഐഎം തയാറെടുത്തിരുന്നു.

വോട്ട് മാറ്റം അബദ്ധമാണോ അട്ടിമറിയാണോ എന്ന കാര്യത്തില്‍ വ്യക്തതവരാന്‍ സിപിഐഎം അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.

Content Highlights: chelakara grama panchayat ward member resigned

To advertise here,contact us