കൊച്ചി: മൂന്നാം ബലാത്സംഗ പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അർധരാതി പന്ത്രണ്ടരയോടെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാതിൽ തുറക്കുന്ന രാഹുലിനോട് പൊലീസ് അറസ്റ്റ് ചെയ്യുകയാണ് എന്ന് പറയുന്നതും ഏത് കേസ് എന്ന് രാഹുൽ ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ റെഡിയായ ശേഷം വരാമെന്ന് പറഞ്ഞ് രാഹുൽ അകത്തേക്ക് പോകുന്നതും തയ്യാറാകുന്നതും ദൃശ്യങ്ങളിൽ കാണാം.
മൂന്നാമത്തെ ബലാത്സംഗപരാതിയില് അതീവരഹസ്യമായാണ് രാഹുലിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ച മുതല് രാഹുല് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവില് അര്ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില് നിന്ന് കസ്റ്റഡിയില് എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്ബന്ധിത ഗര്ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. ഇന്ന് സമർപ്പിച്ച ജാമ്യാപേക്ഷയിൽ രാഹുൽ ഇവയെയെല്ലാം നിഷേധിക്കുന്നുണ്ട്.
ബലാത്സംഗക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണുള്ളത്. രാഹുല് മാങ്കൂട്ടത്തിലിന് ജയിലില് പ്രത്യേക പരിഗണനകൾ ഉണ്ടാകില്ല. സെല് നമ്പര് മൂന്നില് രാഹുല് ഒറ്റയ്ക്കായിരിക്കും കഴിയുക. സഹതടവുകാർ ഉണ്ടായിരിക്കില്ല. എംഎല്എ ആയതിനാലാണ് രാഹുലിന് ഒറ്റയ്ക്ക് ഒരു സെല് അനുവദിച്ചത്. ഇന്ന് രാഹുൽ നിലത്ത് പായ വിരിച്ചാകും കിടക്കുക. ഡോക്ടര്മാര് ആവശ്യപ്പെട്ടാല് കട്ടില് അടക്കമുള്ള മറ്റ് സൗകര്യങ്ങള് നല്കാനാണ് തീരുമാനം. സാധാരണയായി ജയിലില് ഞായറാഴ്ച്ചകളില് രാത്രി സ്പെഷ്യൽ ഭക്ഷണമില്ല. ചോറിനോ ചപ്പാത്തിക്കോ ഒപ്പം തോരനും രസവുമായിരിക്കും നല്കുക. നാളെ രാവിലെ ഉപ്പുമാവും കടല കറിയുമായിരിക്കും പ്രഭാതഭക്ഷണം.
വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുല് മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയത്. സാധാരണയായി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് മാറ്റുക. എന്നാല് ആശുപത്രിയില് എത്തിക്കുമ്പോൾ രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് മുന്നില്ക്കണ്ട് ഡോക്ടര്മാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്. അതേസമയം, രാഹുല് മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണസംഘം നാളെ അപേക്ഷ നല്കും. രാഹുലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രോസിക്യൂഷന് ആവശ്യപ്പെടുന്നത്. കേസില് രാഹുലിന്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുക. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാകും പരിഗണിക്കുക. രാഹുലിന്റെ അഭിഭാഷകന് ഇന്ന് ജാമ്യാപേക്ഷ സമര്പ്പിച്ചിരുന്നു.
Content Highlights: Rahul Mamkoottathil arrest; visuals of police arresting rahul from palakkad hotel out