തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എയുടെ അറസ്റ്റില് പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. അതിക്രൂരമായ ലൈംഗിക അതിക്രമങ്ങളിലൂടെ പല സ്ത്രീകളെയും ഗർഭിണികൾ ആക്കുന്നതടക്കം ക്രിമിനൽ കുറ്റങ്ങൾ ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറാണോ എന്ന് ബിന്ദു ചോദിച്ചു. കോൺഗ്രസിൻ്റെ നാണംകെട്ട സമീപനത്തിൽ കേരളത്തിലെ സ്ത്രീകളാകെ പ്രതിഷേധിക്കണമെന്നും ബിന്ദു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
നിന്ദ്യവും നീചവും ഹിംസാത്മകവും ആയ ലൈംഗിക അതിക്രമങ്ങൾക്ക് പല സ്ത്രീകളെയും ഇരയാക്കുകയും ക്രൂരമായ ബലാത്സംഗത്തിലൂടെ ഗർഭവതികൾ ആക്കുകയും തുടർന്ന് നിർബന്ധിച്ച് ഭ്രൂണഹത്യ ചെയ്യിക്കുകയും ഒക്കെ നിത്യാഭ്യാസമാക്കി മാറ്റിയ ഒരുത്തനെ തള്ളിപ്പറയാൻ ഇനിയും ഒരുക്കമല്ലാത്ത കോൺഗ്രസിന്റെ നാണംകെട്ട സമീപനത്തിൽ കേരളത്തിലെ മുഴുവൻ സ്ത്രീകളും പ്രതിഷേധിക്കുക!
കേരള രാഷ്ട്രീയത്തിൽ കേട്ടു കേൾവി പോലുമില്ലാത്ത വിധത്തത്തിൽ അതിക്രൂരമായ സെക്സ് ക്രൈം ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്ന സൈക്കോ പാത്ത് സ്വഭാവമുള്ള ഇത്തരമൊരുത്തൻ നിയമസഭയിൽ തുടരുന്നത് കേരളനിയമസഭക്ക് അപമാനം. അതിജീവിതകൾക്ക് ഐക്യദാർഢ്യം
മൂന്നാമത്തെ ബലാത്സംഗപരാതിയിൽ അതീവരഹസ്യമായാണ് രാഹുലിനെ എസ്ഐടി പൂട്ടിയത്. ഇന്നലെ ഉച്ച മുതല് രാഹുല് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവിൽ അർധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്ബന്ധിത ഗര്ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല് പത്തനംതിട്ട എആർ ക്യാമ്പിലെ ചോദ്യം ചെയ്യലില് രാഹുല് എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല് ചോദ്യം ചെയ്യലില് ആവര്ത്തിച്ചു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണമാണെന്ന മൊഴിയാണ് അതിജീവിത പൊലീസിന് നൽകിയിരിക്കുന്നത്. രാഹുൽ യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കുമെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
Content Highlights: R Bindu condemned MLA Rahul Mamkootathil, calling it a shame that a sex criminal and psychopath continues to serve in the Kerala Legislative Assembly.