തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് അതിജീവിതകൾക്കും പ്രശ്നങ്ങൾ പുറത്തുപറയാൻ കഴിയാത്തവർക്കും ധൈര്യം നൽകുന്ന നടപടിയെന്ന് കോൺഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ്. ഇപ്പോഴത്തെ അറസ്റ്റ് രാഹുൽ അർഹിക്കുന്ന നിയമനടപടിയാണെന്നും രാഹുലിനെതിരെ ഇനിയും പരാതികൾ വരുമെന്നും ഷഹനാസ് റിപ്പോർട്ടറിനോട് പറഞ്ഞു.
രാഹുലിനെതിരെ പറഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഗുരുതര അധിക്ഷേപങ്ങൾ താൻ ഏറ്റുവാങ്ങി. പരാതി പറയുന്നവർക്കെതിരെ ഇപ്പോഴും അധിക്ഷേപം തുടരുകയാണ്. അധികാരവും പണവും കൊണ്ട് സ്ത്രീകളെ ചൂഷണം ചെയ്യാമെന്ന് കരുതേണ്ടെന്നും ഷഹനാസ് പറഞ്ഞു. രാഹുലിന് ഇപ്പോൾ ഒരു രാഷ്ട്രീയവുമില്ല. രാഹുൽ വിഷയത്തിലും രാഷ്ട്രീയമില്ല. രാഹുലിനെതിരെ ഇനിയും പരാതികൾ വരും. രാഹുലിനെ അനുകൂലിക്കുന്ന നേതാക്കൾ ഇപ്പോഴുമുണ്ട്. കോൺഗ്രസിലെ സ്ത്രീകൾ പരാതിയുമായി വരുമെന്ന് തോന്നുന്നില്ല. ഇരകളുണ്ട് എന്ന് തനിക്കറിയാം. അവർ വരും ദിവസങ്ങളിൽ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷഹനാസ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ തന്നോട് മോശമായി പെരുമാറിയെന്ന് ഷഹനാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാഹുലിനെതിരെ ആദ്യ പരാതി ഉയർന്നതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തൽ. അന്ന് ഷാഫി പറമ്പിലിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും എന്നാൽ അതിനെ അവഗണിച്ചെന്നും ഷഹനാസ് പറഞ്ഞിരുന്നു.
സർക്കാരിന്റെ ഏറ്റവും ഉചിതമായ നടപടി ആയാണ് രാഹുലിന്റെ അറസ്റ്റിനെ കാണുന്നതെന്ന് എഴുത്തുകാരി ഹണി ഭാസ്കരൻ പ്രതികരിച്ചു. രാഹുൽ അറസ്റ്റിലെന്ന സന്തോഷവാർത്ത കേട്ടാണ് ഇന്ന് കണ്ണുതുറന്നത്. രാഹുൽ ഒരു സീരിയൽ റേപ്പിസ്റ്റ് സ്വഭാവമുള്ളയാളാണ്. റേപ്പുകളെല്ലാം ഒരേ പാറ്റേണിൽ ഉള്ളതാണ്. സ്ത്രീകളുടെ സാഹചര്യം ചൂഷണം ചെയ്തായിരുന്നു പീഡനം. മൃഗങ്ങൾ പോലും ചെയ്യാത്ത കാര്യങ്ങളാണ് രാഹുൽ ചെയ്തത്. രാഹുലിനെ മനുഷ്യനായി കാണാൻ കഴിയില്ല. രാഹുലിന്റെ ഇരകളെയോർത്ത് വേദന തോന്നുന്നുവെന്നും ഹണി ഭാസ്കരൻ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിന്റെ ഭാഗത്ത് നിന്നും പല സ്ത്രീകൾക്കും മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തന്റെ ആദ്യ പോസ്റ്റിൽ ആരോപണമുന്നയിച്ചത് രാഹുലിനെതിരെയാണ്. അന്ന് പേര് പറയാതെയാണ് തന്റെ സുഹൃത്ത് നേരിട്ട അനുഭവം വെളിപ്പെടുത്തിയത്. പിന്നീട് എം എ ഷഹനാസ് തന്നെ വ്യക്തത നൽകിയിരുന്നു. രാഹുലിനെതിരെ തുറന്നു പറയാൻ സ്ത്രീകൾക്ക് ആർജ്ജവം ഉണ്ടാകണം. രാഹുലിന്റെ കേസിൽ സമാധാനം തോന്നിയത് ഇന്നാണെന്നും ഹണി ഭാസ്കരൻ പറഞ്ഞു.
പരാമർശങ്ങൾക്ക് പിന്നാലെ രാഹുലിന്റെ സൈബർ പടയ്ക്കെതിരെ യുദ്ധം ചെയ്യേണ്ടിവന്നു. ഇരകളെ ആക്രമിച്ച് വേട്ടയാടും പോലെയായിരുന്നു സൈബർ ആക്രമണങ്ങളെന്നും ഹണി ഭാസ്കരൻ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്കരൻ നേരത്തെ പറഞ്ഞത്.
Content Highlights : honey bhaskaran and m a shahanas reats on Rahul Mamkootathil arrest