'എല്ലാകാര്യങ്ങളും ഫെന്നിക്ക് അറിയാം'; രാഹുലിനെതിരായ മൂന്നാമത്തെ പരാതിയിലും ഫെന്നി നൈനാന്റെ പേര്‌

പീഡന വിവരം ഫെന്നി നൈനാന് അറിയാമായിരുന്നുവെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ പരാതിയിലും യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാന്റെ പേര്. രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ച വിവരവും താൻ ഗർഭിണിയാണെന്ന വിവരവും ഫെന്നി നൈനാന് അറിയാമായിരുന്നുവെന്നാണ്പരാതിക്കാരിയുടെ മൊഴി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന രാഹുലിനെതിരായ രണ്ടാമത്തെ പരാതിയിൽ അതിജീവിത ഫെന്നിയുടെ പേര് പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാമത്തെ പരാതിയിലും രാഹുലിന്‍റെ സഹായിയും സുഹൃത്തുമായ ഫെന്നിയുടെ പേര് വരുന്നത്.

'അബോർഷൻ വിവരം പറയാനായി വിളിച്ചപ്പോൾ രാഹുൽ തന്നെ ബ്ലോക്ക് ചെയ്തു. ഇ-മെയിൽ മുഖേന വിവരം അറിയിച്ചിട്ടും രാഹുൽ മറുപടി നൽകിയില്ല. പിന്നാലെ ഇക്കാര്യങ്ങളെല്ലാം അറിയിക്കാനായി ഫെന്നി നൈനാനെ വിളിച്ചു' എന്നാണ് പരാതിക്കാരിയുടെ മൊഴി.

ഫെന്നി നൈനാന്റെ ഒപ്പമാണ് രാഹുൽ തന്നെ കാണാനെത്തിയതെന്നും പീഡന ശേഷം ഫെന്നിയാണ് തന്നെ യാതൊരു ദയയുമില്ലാതെ വീട്ടിലേക്കുള്ള വഴിയിൽ ഇറക്കിവിട്ടതെന്നുമായിരുന്നു മുൻ പരാതിയിലെ അതിജീവിതയുടെ ആരോപണം. എന്നാൽ ഫെന്നി ഇത് നിഷേധിക്കുകയായിരുന്നു.

ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉയർന്ന ആരോപണമാണ് ഇതെന്നുമായിരുന്നു ഫെനിയുടെ വിശദീകരണം. ഈ തദ്ദേശ തെരഞ്ഞടുപ്പിൽ അടൂർ നഗരസഭയിലെ പോത്രോട് എട്ടാം വാർഡിൽ നിന്നും മത്സരിച്ച ഫെന്നി തോറ്റിരുന്നു.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പുതിയ പരാതിയിൽ പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രിയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തത്. വനിത പൊലീസ് ഉള്‍പ്പെടെയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാർക്കൊപ്പം മുറിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ എംഎല്‍എയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ എ ആർ ക്യാമ്പിലെത്തിച്ച് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Content Highlights : Youth congress leader fenni ninan's name appears in the third complaint against MLA Rahul Mamkootathil

To advertise here,contact us