കോൺഗ്രസ് MLA സ്ഥാനത്തുനിന്നും രാഹുലിന്‍റെ രാജി ആവശ്യപ്പെടണം, അവരുടെ നിലപാടിൽ സംശയം; ടി പി രാമകൃഷ്ണൻ

സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ കോൺഗ്രസ് പരാതികാരിയെ കേൾക്കണമായിരുന്നുവെന്ന് ടി പി രാമകൃഷ്ണൻ

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണ കവചമൊരുക്കിയെന്നും പാർട്ടിയിൽനിന്ന് പുറത്താക്കിയാൽ മാത്രം പോര എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജിയാണ് ആവശ്യപ്പെടേണ്ടതെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. ഇതുവരെ രാഹുലിനോട് കോൺഗ്രസ് രാജി ആവശ്യപ്പെട്ടിട്ടില്ല. സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസ് തന്നെയാണ്. കോൺഗ്രസിന്റെ വികൃത മുഖമാണ് പ്രകടമായത്. അവരുടെ നിലപാടിൽ സംശയമുണ്ട് അത് ദൂരീകരിക്കണം. മാതൃകയാക്കാൻ കഴിയുന്ന ശക്തമായ നടപടി സ്വീകരിക്കണം. ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പാടില്ല. പൊലിസിന്റെ പ്രവർത്തനം പ്രശംസനീയമാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ കോൺഗ്രസ് പരാതികാരിയെ കേൾക്കണമായിരുന്നു. മുകേഷിന്റെ വിഷയം രാഹുൽ വിഷയത്തിന് സമാനമായരീതിയിലുള്ളത് അല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എ കെ ബാലന്റെ ജമാഅത്തെ പരാമർശത്തിലും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. സിപിഐഎമ്മിന് അങ്ങനെ ഒരു നിലപാട് ഇല്ല. അങ്ങനെ ഒരു കാഴ്ചപാട് ഇടത് പക്ഷ മുന്നണിയ്ക്കുമില്ല. എ കെ ബാലൻ നടത്തിയത് ഒരു നിരീക്ഷണമാണ്. നിരീക്ഷണം നടത്താൻ ഒരു വ്യക്തിയ്ക്ക് അവകാശമില്ലേ. ബാലന്റെ സ്വതന്ത്രമായ വീക്ഷണത്തിൽ നടത്തിയ പ്രതികരണമാണത്. ജമാഅത്തെ ഇസ്‌ലാമി അപകടകരമായ രാഷ്ട്രീയ നിലപാട് ഉയർത്തുന്നുണ്ട്. അത് വിമർശന വിധേയമാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

രാഹുലിന്റേത് മനുഷ്യത്വ രഹിതമായ പീഡനമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. നിരവധി പെൺകുട്ടികളുടെ നേർക്ക് മനുഷ്യത്വ രഹിതമായ പീഡനം ഉണ്ടായി. ജനപ്രതിനിധി ആണ് പീഡന കേസിൽ പിടിയിൽ ആയത്. സമൂഹത്തിന് അങ്ങേയറ്റം അപമാനകരമാണിത്. സ്ത്രീകൾക്ക് കേരളത്തിൽ സുരക്ഷ ഉണ്ടെന്ന് വ്യക്തമാകുന്നതാണ് പൊലീസിന്റെ നീക്കം. കേരളത്തിലെ പൊലീസ് സേന സ്ത്രീ പീഡന കേസുകളിൽ പ്രതികളെ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നതിന്റെ ഉദാഹരണമാണിതെന്നും സതീദേവി പറഞ്ഞു.

Content Highlights : Congress protect Rahul Mamkootathil criticize LDF Convenor TP Ramakrishnan

To advertise here,contact us