ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിക്കൊപ്പം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമുണ്ടായികുന്നു

കോഴിക്കോട്: കാലിന് പരിക്കേറ്റതിന് ശേഷം വീട്ടിൽ വിശ്രമത്തില്‍ കഴിയുന്ന എം കെ മുനീര്‍ എംഎല്‍എയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച കോഴിക്കോട് നടക്കാവിലുള്ള മുനീറിന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.

നിയമസഭാ തെരഞ്ഞെടപ്പിനോടനുബന്ധിച്ചുള്ള എല്‍ഡിഎഫിന്റെ നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയായിരുന്നു അപ്രതീക്ഷിത സന്ദര്‍ശനം. മുഖ്യമന്ത്രിക്കൊപ്പം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമുണ്ടായികുന്നു. മുഖ്യമന്ത്രി തന്നെയാണ് മുനീറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സന്ദര്‍ശന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

നേരത്തേ ഹൃദയാഘാതത്തെ തുടര്‍ന്ന് മുനീര്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രി വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച കാര്യം റിപ്പോര്‍ട്ടറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലൂടെ മുനീര്‍ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി മൂന്ന് തവണ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു എന്നായിരുന്നു മുനീര്‍ പറഞ്ഞത്. ആ സമയം താന്‍ ഐസിയുവില്‍ ആയിരുന്നു. കുടുംബാംഗങ്ങളായിരുന്നു ഫോണ്‍ എടുത്തിരുന്നതെന്നും മുനീര്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ അടക്കം വിളിച്ചിരുന്നുവെന്നും രാഷ്ട്രീയത്തിനപ്പുറം ഒരു മനുഷ്യനായി അവര്‍ തന്നെ പരിഗണിച്ചു എന്നതാണ് അതില്‍ നിന്ന് താന്‍ പഠിച്ച പാഠമെന്നും മുനീര്‍ പറഞ്ഞിരുന്നു. ചികിത്സയ്ക്ക് ശേഷം ഏറെ നാളായി വിശ്രമത്തിലായിരുന്നു മുനീര്‍. രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായതിനിടെയായിരുന്നു അദ്ദേഹത്തിന് കാലിന് പരിക്കേറ്റത്.

Content Highlights- CM Pinarayi Vijayan visit M K Muneer mla at his house in Kozhikode Nadakkavu

To advertise here,contact us