തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കും പങ്കെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു എന്നുള്ളത് വസ്തുതയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുറ്റവാളികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അയ്യപ്പന്റെ സ്വർണം കട്ടവർ ആരും രക്ഷപ്പെട്ടിട്ടില്ല. സ്വർണകൊളളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നാണ് നിലപാട്. എസ്ഐടി അന്വേഷണം നടക്കട്ടെ. തീർപ്പ് കൽപ്പിക്കുന്നതിനുളള സമയം ആയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റോട് കൂടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും പരാജിതന്റെ കപട ആത്മവിശ്വാസമാണ് മുഖ്യമന്ത്രിക്കെന്നും രമേശ്
ചെന്നിത്തല പറഞ്ഞു. അഞ്ച് വർഷക്കാലത്തിനിടയിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും യുഡിഎഫ് ആണ് വിജയിച്ചത്. തെരഞ്ഞെടുപ്പിന് മുന്നേ മുഖ്യമന്ത്രിയെ നേരത്തെ പ്രഖ്യാപിക്കുന്ന നിലപാട് കോൺഗ്രസിനില്ല. മലപ്പുറത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ എന്നും മതേതര നിലപാട് സ്വീകരിച്ചവരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വർണക്കൊള്ളയിൽ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കേണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. എല്ലാം തന്ത്രിയിൽ അവസാനിക്കും എന്ന് കരുതേണ്ട. എല്ലാ വിവരങ്ങളും പുറത്ത് വരട്ടെയെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വം ബോർഡ് ഭരണകർത്താക്കൾ വിചാരിച്ചാൽ മാത്രം സ്വർണം കടത്താൻ കഴിയില്ല. ഇത്രയും വലിയ കൊള്ള മന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും. മന്ത്രിമാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ല. നിയമസഭ തുടങ്ങുമ്പോൾ കോൺഗ്രസ് നിയമസഭാ മാർച്ച് നടത്തും. സ്വർണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് എന്തായി?.ബാക്കി കാര്യങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. തന്ത്രിയുടെ അറസ്റ്റിലെ ശരിയും തെറ്റും പറയുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
ഇത് ബിഹൈൻഡ് ദി കർട്ടൻ ആണ്, ഇനിയും ആളുകൾ ഉണ്ട്. അറസ്റ്റ് തന്ത്രിയിൽ അവസാനിച്ചു എന്ന് കരുതുന്നില്ല. ബാറ്ററി പോയ വാഹനത്തെ പോലെയാണ് എസ്ഐടിയുടെ പ്രവർത്തനം. ചില വണ്ടികൾ റോഡിൽ നിൽക്കുമ്പോൾ പിന്നിൽ നിന്ന് തള്ളണം. ഹൈക്കോടതിയാണ് എസ്ഐടിക്ക് തള്ളൽ നൽകുന്നതെന്നും മുരളീധരൻ പരിഹസിച്ചു.
ക്ഷേത്രങ്ങളുടെയും പള്ളികളുടെയും വരുമാനം ആര് കൊള്ളയടിച്ചാലും എതിർക്കും. ആരോപണങ്ങൾ വരുന്ന എല്ലാവരും മോശക്കാരല്ല. മുമ്പ് ഒരു തന്ത്രിക്കെതിരെ ആരോപണം വന്നിരുന്നു. അയ്യപ്പ സംഗമത്തിന് വിളക്ക് കത്തിച്ചത് ആ തന്ത്രിയാണ്. ആചാരാനുഷ്ഠാനങ്ങൾ സർക്കാർ ലംഘിച്ചാൽ തന്ത്രി ഇടപെടണം. ശബരിമല സ്ത്രീ പ്രവേശനത്തിലെ തന്ത്രിയുടെ നിലപാട് ശരിയാണ്. വിവാദത്തിൽ പിണറായിയുടെ അപ്രീതി നേടിയ തന്ത്രിയാണ് കണ്ഠരര് രാജീവര്. യുഡിഎഫ് അധികാരത്തിലെത്തിയാൽ സ്വർണക്കൊള്ളയിൽ സമഗ്ര അന്വേഷണം നടത്തും. ഇന്ന് അകത്താകാത്തവർ അന്ന് അകത്താകുമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം ബീവറേജസ് കോർപറേഷന്റെ നേതൃത്വത്തിൽ പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാൻഡിന് പിണറായി ബ്രാൻഡ് എന്ന് ഇടാമെന്ന് മുരളീധരൻ പരിഹസിച്ചു. പാലക്കാട് പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറിസ് ലിമിറ്റഡിൽ നിന്നും നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനെ പരിഹസിക്കുകയായിരുന്നു മുരളീധരൻ.
Content Highlights : ramesh chennithala and k muraleedharan reacts on tantri kandararu rajeevaru arrest in sabarimala gold theft Case