തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർമാർക്കായി ഗവർണർ രാജേന്ദ്ര ആർലേക്കർ ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ആർ ശ്രീലേഖ. സ്ഥലത്തില്ലാതിരുന്നതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത് എന്നാണ് ശ്രീലേഖയുടെ വിശദീകരണം. ഇന്ന് വൈകിട്ട് നാല് മണിക്ക് ലോക്ഭവനിലായിരുന്നു ഗവർണർ ചായ സൽക്കാരം ഒരുക്കിയത്. എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ അടക്കം എത്തിയപ്പോൾ ശ്രീലേഖ എത്തിയിരുന്നില്ല.
കോർപ്പറേഷനിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഗവർണർ കൗൺസിലർമാരെ ചായ സൽക്കാരത്തിന് ക്ഷണിച്ചത്. ചുവപ്പ് വസ്ത്രം ധരിച്ചാണ് ഇടത് കൗൺസിലർമാർ ചായ സൽക്കാരത്തിനെത്തിയത്. എല്ലാവരെയും ഷാൾ അണിയിച്ചാണ് ഗവർണർ സ്വീകരിച്ചത്. ചായ സൽക്കാരത്തിനെത്തിയ കൗൺസിലർമാരോട് ഗവർണർ ഒരു ആവശ്യവും ഉന്നയിച്ചു. നഗരത്തിൽ നിന്ന് സമരങ്ങൾ ഒഴിവാക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. സമരങ്ങള് നടത്തുന്നതിനായി പ്രത്യേക ഇടം കണ്ടെത്തണമെന്നും ട്രാഫിക് നിയമങ്ങള് പാലിച്ച് മാതൃകയാകാന് കൗണ്സിലര്മാര് തയ്യാറാകണമെന്നും ഗവർണർ അഭ്യർത്ഥിച്ചു. ഇതിന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ഗവര്ണര് ആവശ്യപ്പെട്ടു.
കോർപ്പറേഷൻ തെരഞ്ഞടുപ്പിൽ വിജയിച്ച് മേയറാകാൻ സാധിക്കാതെവന്നതിന് പിന്നാലെ വലിയ അതൃപ്തിയിലാണ് ആർ ശ്രീലേഖ. ബിജെപിയെ വെട്ടിലാക്കി തന്റെ അതൃപ്തി ശ്രീലേഖ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. മേയര് ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില് മത്സരിച്ചതെന്നും കൗണ്സിലറാകാന് വേണ്ടിയല്ല പാർട്ടി തന്നെ മത്സരിപ്പിച്ചത് എന്നും ശ്രീലേഖ തുറന്നടിച്ചിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അവസാനം വി വി രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയറും ആയതെന്ന് ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.
കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള് എതിര്ത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന് പറ്റില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു. തന്നെ ജയിപ്പിച്ച ആളുകളുണ്ട്. അവരോട് തനിക്ക് ആത്മാര്ത്ഥതയും കൂറും ഉണ്ട്. അതിനാലാണ് അഞ്ച് വര്ഷത്തേക്ക് കൗണ്സിലറായി തുടരാന് തീരുമാനിച്ചത്. ചിലപ്പോള് അത് നല്ലതിനായിരിക്കുമെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു.
ശ്രീലേഖയുടെ പ്രവർത്തികൾ ബിജെപിയിൽ വലിയ അതൃപ്തിക്ക് കാരണമാകുന്നുണ്ട്. വി കെ പ്രശാന്തുമായുള്ള ഓഫീസ് മുറി വിവാദത്തിൽ ഇടപെടേണ്ടന്ന് വരെ ബിജെപി നേതൃത്വം തീരുമാനിച്ചിരുന്നു. ശ്രീലേഖ പാര്ട്ടിയോട് ആലോചിക്കാതെ വിവാദമുണ്ടാക്കിയെന്ന വിമര്ശനമാണ് ബിജെപിയിൽ ഉയർന്നത്.
Content Highlights: R Sreelekha did not attend the tea meeting hosted by the Kerala Governor. Responding to the absence, she clarified that she was not present in the area at the time, which was the reason for not participating in the event