തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതര്ക്കായി കോണ്ഗ്രസിന്റെ പുനരധിവാസം സംബന്ധിച്ച് ജനുവരി പത്തിന് വ്യക്ത വരുത്തുമെന്ന ടി സിദ്ദിഖ് എംഎല്എയുടെ മുൻ പ്രഖ്യാപനത്തില് പരിഹാസവുമായി എ എ റഹീം എംപി. ടി സിദ്ദിഖ് പറഞ്ഞ തീയതിയായിട്ടും പ്രഖ്യാപനമുണ്ടാകാത്തതിലാണ് എ എ റഹീം എംപി പരിഹാസവുമായി രംഗത്തെത്തിയത്. 'രാത്രിയായ സ്ഥിതിക്ക് ഇന്നിനി കല്ലിടാന് സാധ്യതയില്ലല്ലോയെന്നും അടുത്തവര്ഷവും ജനുവരി 10 ഉണ്ടല്ലോ എന്നുമായിരുന്നു ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പില് എ എ റഹീം പറഞ്ഞത്. സിദ്ദിഖിനെ പരിഹസിച്ച് മന്ത്രി വി ശിവന്കുട്ടിയും രംഗത്തെത്തി. കോണ്ഗ്രസ് കലണ്ടറില് ഇന്നേതാ തീയതി എന്നായിരുന്നു ശിവന്കുട്ടിയുടെ പ്രതികരണം.
ഇക്കഴിഞ്ഞ ഡിസംബര് 30 ന് മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതര്ക്കായി കോണ്ഗ്രസിന്റെ പുനരധിവാസം സംബന്ധിച്ച് സിദ്ദിഖ് പ്രഖ്യാപനം നടത്തിയത്. ജനുവരി പത്തിനുള്ളില് പുനരധിവാസം സംബന്ധിച്ച് എല്ലാ കാര്യങ്ങളും മാധ്യമങ്ങള്ക്ക് മുന്നില് പറയുമെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. കോണ്ഗ്രസിന്റെ ജന്മദിനമായ ഡിസംബര് 28ന് പദ്ധതിക്ക് തറക്കല്ലിടുമെന്ന് താന് മുന്പ് പറഞ്ഞത് ആഗ്രഹമാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. സിദ്ദിഖ് പറഞ്ഞ ജനുവരി 10 എത്തിയിട്ടും ഒരു പ്രഖ്യാപനവുമില്ലെന്നാണ് സിപിഐഎം പ്രധാനമായും ഉയര്ത്തുന്ന വിമര്ശനം. പുനരധിവാസം സംബന്ധിച്ച് കോണ്ഗ്രസിന് വ്യക്തമായ ധാരണയില്ലെന്നും സിപിഐഎം വിമര്ശിക്കുന്നു.
വയനാട്ടില് തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന ഡിസംബര് പതിനൊന്നിന് തൊട്ട് തലേദിവസമായ പത്താം തീയതിയായിരുന്നു ടി സിദ്ദിഖ് മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതര്ക്കായുള്ള ഭവനപദ്ധതിയുടെ തറക്കല്ലിടല് കോണ്ഗ്രസ് സ്ഥാപിതദിനമായ ഡിസംബര് 28ന് നടക്കുമെന്ന് ടി സിദ്ദിഖ് പറഞ്ഞത്. ഡിസംബര് മാസം തന്നെ രജിസ്ട്രേഷന് നടപടികള് പൂര്ത്തിയാകുമെന്നും ഈ മാസം തന്നെ ഭവനപദ്ധതിയുടെ തുടക്കം കുറിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. രജിസ്ട്രേഷന് നടപടികള് കഴിഞ്ഞാല് സ്ഥലം ഏതാണെന്ന് പ്രഖ്യാപിക്കും. അഡ്വാസ് നല്കി. നിയമപരമായ എല്ലാ കാര്യങ്ങളും പൂര്ത്തിയാക്കിയെന്നും ടി സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാല് ഡിസംബര് 28 ന് ഒരു നടപടിയും ഉണ്ടായില്ല. ഇതിന് പിന്നാലെ ടി സിദ്ദിഖിനെതിരെ വ്യാപക വിമര്ശനമായിരുന്നു ഉയര്ന്നത്.
2024 ഓഗസ്റ്റ് രണ്ടിന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയായിരുന്നു മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതര്ക്ക് 100 വീടുകള് നിര്മിച്ച് നല്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ 2024 ഓഗസ്റ്റ് മൂന്നിന് കെപിസിസി 100 വീടുകള് നിര്മിച്ച് നല്കുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്തെത്തി. ഇതിന് പിന്നാലെയുള്ള പ്രഖ്യാപനം നടത്തിയത് അന്ന് യൂത്ത് കോണ്ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല് മാങ്കൂട്ടത്തിലായിരുന്നു. യൂത്ത് കോണ്ഗ്രസ് 30 വീടുകള് നിര്മിച്ച് നല്കുമെന്നും ആറ് മാസത്തിനുള്ളില് നിര്മാണം ആരംഭിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ഈ പ്രഖ്യാപനം വന്നതാകട്ടെ 2024 ഓഗസ്റ്റ് മൂന്നിന്. അതേ വര്ഷം ഡിസംബര് ഒന്നിന് അക്കാലത്ത് കെപിസിസി അധ്യക്ഷനായിരുന്ന കെ സുധാകരന്റെ പ്രഖ്യാപനമെത്തി. കെപിസിസി പ്രഖ്യാപിച്ച വീടുകളുടെ നിര്മാണം ഉടന് ആരംഭിക്കുമെന്നായിരുന്നു സുധാകരന് പറഞ്ഞത്. സര്ക്കാരിന്റെ ടൗണ്ഷിപ്പിനൊപ്പം കോണ്ഗ്രസിന്റെ വീട് ഉയരുമെന്ന പ്രഖ്യാപനവുമായി വി ഡി സതീശന് വീണ്ടുമെത്തി. 2025 മാര്ച്ച് 27നായിരുന്നു ഈ പ്രഖ്യാപനം.
2025 ജൂലൈ രണ്ടിന് രാഹുല് മാങ്കൂട്ടത്തിലിന്റെ പ്രഖ്യാപനം വന്നു. യൂത്ത് കോണ്ഗ്രസിന്റെ വീടുകളുടെ തറക്കല്ലിടല് ജൂലൈ മുപ്പതിന് രാഹുല് ഗാന്ധി നിര്വഹിക്കുമെന്നായിരുന്നു പ്രഖ്യാപനം. യൂത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് വന്ന ശേഷം ഒ ജെ ജനീഷും പ്രഖ്യാപനം നടത്തി. സര്ക്കാരിന്റെ വീട് വരുമ്പോള് യൂത്ത് കോണ്ഗ്രസിന്റെ 30 വീടുകള് വരുമെന്നായിരുന്നു 2025 ഒക്ടോബര് 16ലെ ജനീഷിന്റെ പ്രഖ്യാപനം. 2025 ഡിസംബര് പത്തിന് മാധ്യമങ്ങളെ കണ്ട ടി സിദ്ദിഖ് ഡിസംബര് 28 ന് കോണ്ഗ്രസിന്റെ സ്ഥാപിത ദിനത്തില് വീട് നിര്മാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. 2025 ഡിസംബര് 30നാണ് ജനുവരി പത്തിന്റെ കാര്യം സിദ്ദിഖ് പറയുന്നത്. ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് മാധ്യമങ്ങളെ കണ്ട കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ് കോണ്ഗ്രസ് വീട് നിര്മാണത്തിന് കട്ട് ഓഫ് ഡേറ്റില്ല എന്ന് പ്രഖ്യാപിച്ചു. ഏറ്റവും ഒടുവില് വയനാട് ഡിസിസി പ്രസിഡന്റ് ടി ജെ ഐസകിന്റേതായിരുന്നു പ്രഖ്യാപനം. പുനരധിവാസത്തിനായുള്ള ഭൂമിയുടെ രജിസ്ട്രേഷന് ജനുവരി പതിമൂന്നിന് പൂര്ത്തിയാക്കുമെന്നായിരുന്നു ഐസക് പറഞ്ഞത്.
Content Highlights- CPIM leaders A A Rahim and V Shivankutty slam t siddique mla over his statement about mundakai-chooralmala rehabilitation