അറസ്റ്റിന് പിന്നാലെ രാജീവ് കണ്ഠരരുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍; കുടുംബാംഗങ്ങളെ കണ്ട് സംസാരിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ ശനിയാഴ്ചയാണ് തന്ത്രിയുടെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്

ആലപ്പുഴ: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ തന്ത്രി രാജീവ് കണ്ഠരരുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ രാജീവരുടെ ചെങ്ങന്നൂരിലുള്ള വീട്ടിലെത്തിയത്. രാജീവരുടെ കുടുംബാംഗങ്ങളുമായി ബിജെപി നേതാക്കള്‍ സംസാരിച്ചു. തിടുക്കപ്പെട്ടുള്ള അറസ്റ്റിൽ സംശയമുണ്ടെന്നും കെ രാധാകൃഷ്ണനും

വി എൻ വാസവനും കടകംപള്ളി സുരേന്ദ്രനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളതെന്നും സന്ദീപ് വാചസ്പതി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

'കേരളത്തിലെ പ്രബലമായ കുടംബത്തിലെ അംഗത്തിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആ നിലയ്ക്കാണ് ഇവിടെ എത്തിയത്. കുടുംബത്തിന് പിന്തുണ അറിയിക്കേണ്ടത് ഞാനല്ല. സംസ്ഥാന നേതൃത്വമാണ്. രാജീവര് തെറ്റുകാരനാണോ ഇല്ലയോ എന്നതെല്ലാം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ. എന്നാല്‍ ഇത്ര തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത് എന്തിനാണ്? കെ രാധാകൃഷ്ണനും വാസവനും കടകംപള്ളി സുരേന്ദ്രനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളത്. തന്ത്രിയെ ചാരി മന്ത്രിയെ രക്ഷിക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്നു', സന്ദീപ് വാചസ്പതി പ്രതികരിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ വെള്ളിയാഴ്ചയാണ് തന്ത്രിയുടെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാള്ളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശചെയ്ത് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും തട്ടിപ്പിന് മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പ്രതിയായെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമായി പറയുന്നത്. കേസില്‍ 13ാം പ്രതിയായ കണ്ഠരര് രാജീവരര്ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

രാജീവരെ ദ്വാരപാലക കേസില്‍ കൂടി പ്രത്യേക അന്വേഷണസംഘം പ്രതിയാക്കും. ദ്വാരപാലക ശില്‍പപാളികള്‍ പുറത്തേക്ക് കൊണ്ടുപോയത് തന്ത്രി അറിഞ്ഞിരുന്നുവെന്നും തന്ത്രിയുടെ അനുമതിയോടെയാണ് ഇത് ചെയ്തതെന്നുമുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴിയാണ് തന്ത്രിയെ കുരുക്കിയത്. പ്രതിയാക്കാന്‍ എസ്ഐടി കോടതിയുടെ അനുമതി തേടും.

Content Highlights: BJP leaders visit tantri rajeev kandararu house at alappuzha

To advertise here,contact us