ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ

കേസിൽ 13ാം പ്രതിയാണ് തന്ത്രി കണ്ഠരര് രാജീവര്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ഠരര് രാജീവരരെ തിരുവനന്തപുരം സ്‌പെഷ്യൽ സബ്ജയിലിലേക്കാണ് കൊണ്ടുപോയത്. ഈ മാസം 13ന് കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കും. 23 വരെയൊണ് റിമാൻഡ് കാലാവധി.

ശബരിമലയിലെ കട്ടിളപ്പാളിക്കേസിലാണ് കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ 13ാം പ്രതിയാണ് രാജീവര്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയായെന്നും ആചാരലംഘനത്തിന് അദ്ദേഹം കൂട്ടുനിന്നുവെന്നും അറസ്റ്റ് റിപ്പോർട്ടിൽ എസ്‌ഐടി പരാമർശിക്കുന്നുണ്ട്. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്നും അതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ശബരിമലയിലെ കട്ടിളപ്പാളി കൊണ്ടു പോകാൻ തന്ത്രി ഒത്താശ ചെയ്തുവെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയത് താന്ത്രിക വിധികൾ പാലിക്കാതെയാണ്. ആചാരപ്രകാരം ദേവന്റെ അനുജ്ഞ വാങ്ങിയില്ല. തന്ത്രിയുടെ അനുമതിയോടെയല്ല ശബരിമലയിൽ നിന്ന് കട്ടിളപാളികളും മറ്റും ഇളക്കിക്കൊണ്ട് പോയതെങ്കിൽ രാജീവര് അതിനെ കുറിച്ച് ദേവസ്വം ബോർഡിനെ രേഖാമൂലം അറിയിക്കുകയോ ആചാര ലംഘനം നടത്തി മുതലുകൾ കൊണ്ട് പോയതിനെതിരെ യാതൊരു നടപടികളും സ്വീകരിക്കുകയോ ചെയ്യാതെ കുറ്റകരമായ മൗനാനുവാദം നൽകിയെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Content Highlights : sabarimala gold theft case; tantri Kandararu Rajeevaru remanded for 14 days

To advertise here,contact us