കൊച്ചി: എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളാതെ കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെള്ളാപ്പള്ളി വര്ഗീയവാദിയാണോയെന്ന ചോദ്യത്തോട് ഒരു മതനേതാവിനും സര്ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്ന് രമേശ് ചെന്നിത്തല റിപ്പോര്ട്ടറിനോട് പറഞ്ഞു.
'സമൂഹത്തില് എല്ലാ മതങ്ങളേയും മതവിശ്വാസികളെയും ഒന്നിപ്പിച്ചുകൊണ്ടുപോകുന്ന നിലപാടെ കേരളം എടുക്കാന് പാടുള്ളൂ. സിപിഐഎം ഓരോ തെരഞ്ഞെടുപ്പിലും ഓരോ വര്ഗീയതയാണ് താലോലിക്കുന്നത്. അത് ഞങ്ങള് ചെയ്യാറില്ല. ഞാന് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് വെള്ളാപ്പള്ളിക്കെതിരെ എഫ്ഐആര് ഇട്ടത്. ചരിത്രം പരിശോധിച്ചാല് ഞങ്ങളുടെ നിലപാട് വ്യക്തമാണ്',റിപ്പോര്ട്ടര് ടിവിയുടെ 'നേരോ നേതാവേ' എന്ന അഭിമുഖത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
വെള്ളാപ്പള്ളി നടേശനെ കാറില് കയറ്റിയ മുഖ്യമന്ത്രിയുടെ നടപടിയെയും രമേശ് ചെന്നിത്തല വിമര്ശിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കാറില് ആരെങ്കിലും ഇന്നുവരെ കയറിയിട്ടുണ്ടോയെന്ന് ചോദിച്ച രമേശ് ചെന്നിത്തല വെള്ളാപ്പള്ളിയെ കയറ്റിയതിലെ സന്ദേശമെന്താണെന്നും സംശയം പ്രകടിപ്പിച്ചു.
'ഞാന് എല്ലാവരേയും കാറില് കയറ്റുന്നയാളാണല്ലോ. ആരെ വേണമെങ്കിലും കാറില് കയറ്റും. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കാറില് ആരെങ്കിലും ഇന്നുവരെ കയറിയിട്ടുണ്ടോ? ഞാനും ഉമ്മന്ചാണ്ടിയുമൊക്കെ എല്ലാവരെയും കാറില് കയറ്റും. കാറില് സ്ഥലം പോലും കാണത്തില്ല. പിണറായി വിജയന്റെ കാറില് മന്ത്രിയെപ്പോലും ഇന്നുവരെ കയറ്റിയിട്ടില്ല. എംഎല്എയെ കയറ്റിയിട്ടില്ല. മറ്റൊരു ബിഷപ്പിനെയും കയറ്റിയിട്ടില്ല. വെള്ളാപ്പള്ളിയെ കയറ്റിയതിലെ സന്ദേശമെന്താണ്. വെള്ളാപ്പള്ളി പ്രായമുള്ളയാളാണ്. കയറ്റിയതില് എതിര്പ്പൊന്നുമില്ല. ആരെയും കയറ്റാത്ത ഒരാള് കാറില് കയറ്റുമ്പോഴാണ് പ്രശ്നം', രമേശ് ചെന്നിത്തല പറഞ്ഞു.
മലബാറില് മുസ്ലിം ലീഗിന് കൂടുതല് സീറ്റ് കൊടുക്കുന്നതിനെതിരെ കോണ്ഗ്രസ് നേതാവ് സി കെ ഗോവിന്ദന് നായര് പറഞ്ഞതിനെ പിന്തുണച്ചിരുന്ന നേതാവാണെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിനും രമേശ് ചെന്നിത്തല മറുപടി നൽകി. സി കെ ഗോവിന്ദന് നായരുടെ അനുസ്മരണ ചടങ്ങില് അദ്ദേഹത്തിന്റെ നിലപാടാണ് താന് പ്രസംഗിച്ചത്. സി കെ ഗോവിന്ദന് നായര് പറഞ്ഞത് അന്നത്തെ സാഹചര്യമാണ്. അതിന് ഇന്ന് എന്താണ് പ്രസക്തിയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
'കെപിസിസി പ്രസിഡന്റ് ആയിരുന്ന സി കെ ഗോവിന്ദന് നായര് അറുപതുകളിലായിരുന്നു ഇത് പറഞ്ഞത്. അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടിയില് സ്വാഭാവികമായും അദ്ദേഹം പറഞ്ഞ കാര്യങ്ങള് ഞാന് പറയില്ലേ. അറുപതുകളിലെ രാഷ്ട്രീയവും 2025ലെ രാഷ്ട്രീയവും തമ്മില് ഒത്തിരി വ്യത്യാസം ഉണ്ടെന്ന് അറിയാത്തയാളൊന്നുമല്ല കേരളത്തിന്റെ മുഖ്യമന്ത്രി. അന്ന് അദ്ദേഹമെടുത്ത നിലപാടുകളെക്കുറിച്ചാണ് ഞാന് പറഞ്ഞത്. ഇത് പറയുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയോട് എനിക്ക് ചോദിക്കാനുള്ളത് ബിജെപിയുടെ വോട്ട് വാങ്ങി കൂത്തുപറമ്പില് 5,000 വോട്ടിന് ജയിച്ചയാളാണ് ഇദ്ദേഹം. 78 ല് കോണ്ഗ്രസിനെ പരാജയപ്പെടുത്താന് ജനതാപാര്ട്ടിയുണ്ടാക്കിയപ്പോള് അതിന്റെ സ്ഥാനാര്ത്ഥിയായിരുന്നു മിസ്റ്റര് ചീഫ് മിനിസ്റ്റര്. അതില് ആര്എസ്എസും ബിജെപിയും ഉണ്ടായിരുന്നു. എല്കെ അദ്വാനി വന്ന് പ്രസംഗിച്ചിട്ടുണ്ട് ഇവര്ക്ക് വേണ്ടി. ഉദുമ തെരഞ്ഞെടുപ്പില് ഇഎംഎസ് പോയി കെ ജി മാരാര്ക്ക് വോട്ട് പിടിച്ചതാണ്. ഇതൊക്കെ ചരിത്രം മറക്കരുത്. ഞങ്ങള് ആരും ബിജെപിയുടെയോ ആര്എസ്എസിന്റെയോ വോട്ട് വാങ്ങി ജയിച്ചിട്ടില്ല. ഇവര് കൂട്ടുകെട്ട് ഉണ്ടാക്കി ജയിച്ചവരാണ്. ചരിത്രം മുഖ്യമന്ത്രി മറക്കരുത്', രമേശ് ചെന്നിത്തല പറഞ്ഞു.
മലബാറില് മുസ്ലിം ലീഗിന് കൂടുതല് സീറ്റ് കൊടുക്കുന്നതിനെതിരെ നിലപാടെടുത്ത നേതാവാണ് സി കെ ഗോവിന്ദന് നായരെന്ന് അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടിയില് പറഞ്ഞയാളാണ് അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. 'സി കെ ഗോവിന്ദന് നായര് പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് പില്ക്കാലത്ത് തെളിഞ്ഞെന്നും അന്ന് ചെന്നിത്തല പറഞ്ഞിരുന്നു. വര്ഗീയശക്തികളുമായും സാമുദായിക സംഘടനകളുമായും ഒരു ലക്ഷ്മണരേഖ വേണമെന്ന സി കെ ഗോവിന്ദന് നായരുടെ പ്രസ്താവനയെ ഉയര്ത്തിപ്പിടിക്കുകയാണ് അന്ന് ചെന്നിത്തല ചെയ്തത്. അതേ ചെന്നിത്തലയാണ് ഇപ്പോള് ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫില് അണിനിരത്താന് നേതൃസ്ഥാനത്തുള്ളത്' മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Content Highlights: Ramesh Chennitha Criticize CM Pinarayi Vijayan Over Vellappally Natesan Car Controversy