മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവും കൽപ്പറ്റയിൽ ടി സിദ്ദിഖും മത്സരിക്കും; ഐ സി ബാലകൃഷ്ണൻ മണ്ഡലം മാറിയേക്കും?

പി കെ ജയലക്ഷ്മിയെ പരിഗണിച്ചേക്കില്ല. ജില്ലയ്ക്ക് പുറത്ത് നിന്നും സ്ഥാനാർത്ഥിയെ പരിഗണിച്ച് കോൺഗ്രസ്

കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ് നേതൃത്വം. വയനാട്ടിലെ മൂന്ന് സീറ്റിലും ഇത്തവണ വിജയിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ സമാപിച്ച കെപിസിസി നേതൃക്യാമ്പും വയനാട് ജില്ലയിലെ മൂന്ന് സീറ്റുകളും കോൺഗ്രസ് വിജയിക്കുമെന്നാണ് വിലയിരുത്തിയത്. പ്രിയങ്ക ഗാന്ധിയുടെ പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമായ വയനാട്ടിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും വിജയിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. 2016ൽ വിജയിച്ച മാനന്തവാടി, കൽപ്പറ്റ മണ്ഡലങ്ങളിൽ മാനന്തവാടി നിലനിർത്തുകയും കൽപ്പറ്റയും സുൽത്താൻ ബത്തേരിയും തിരിച്ചുപിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎം സ്ഥാനാർത്ഥി നിർണ്ണയത്തിലേയ്ക്ക് കടക്കുന്നത്.

നിലവിൽ വയനാട്ടിലെ സുൽത്താൻ ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങൾ കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റുകളാണ്. ഇതിൽ കൽപ്പറ്റ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ടി സിദ്ദിഖ് വീണ്ടും മത്സരിക്കുമെന്ന് ഉറപ്പാണ്. എൽഡിഎഫിനായി 2021ൽ എൽജെഡിയിലെ എം വി ശ്രേയാംസ് കുമാറാണ് ഇവിടെ മത്സരിച്ചത്. ആർജെഡി ആയി മാറിയ ശ്രേയാംസിൻ്റെ പാർട്ടിക്ക് തന്നെ ഇടതുമുന്നണി കൽപ്പറ്റ സീറ്റ് നൽകാനാണ് ഇത്തവണയും സാധ്യത. നിലവിൽ വീണ്ടും മത്സരരംഗത്തേയ്ക്കില്ലെന്ന നിലപാടിലാണ് എം വി ശ്രേയാംസ് കുമാർ. ശ്രേയാംസ് കുമാർ മത്സരരംഗത്ത് നിന്ന് മാറുന്ന സാഹചര്യത്തിൽ മുൻ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും യുവനേതാവുമായ ജുനൈദ് കൈപ്പാണിക്കാണ് കൽപ്പറ്റയിൽ സാധ്യത. സാമുദായിക സമവാക്യങ്ങളും ജുനൈദ് കൈപ്പാണിക്ക് അനുകൂലഘടകമാണ്. മുസ്‌ലിം ലീഗിൻ്റെ ശക്തികേന്ദ്രമായ വെള്ളമുണ്ട ഡിവിഷനിൽ നിന്നായിരുന്നു 2020 ജുനൈദ് കൈപ്പാണി ജില്ലാ പഞ്ചായത്തിലേയ്ക്ക് അട്ടിമറി വിജയം നേടിയത്. സിപിഐഎമ്മിന് താൽപ്പര്യമുള്ള സ്ഥാനാർത്ഥിയാണ് ജുനൈദ് എന്നതും അനുകൂലഘടകമാണ്. യുവനേതാക്കളായ പി പി ഷൈജൽ, മുതിർന്ന നേതാക്കളായ നാസർ മച്ചാൻ, അഡ്വ. ജോർജ് പോത്തൻ, കെ എ സ്കറിയ എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥി വേണമെന്ന് ശ്രേയാംസ് കുമാർ തീരുമാനിച്ചാൽ മകൾ മയൂര ശ്രേയാംസ് കുമാർ ഇത്തവണ കൽപ്പറ്റയിൽ ആർജെഡി സ്ഥാനാർത്ഥിയായി മത്സരരംഗത്ത് ഇറങ്ങിയേക്കും. 2021ലും മയൂരയുടെ പേര് പരിഗണിച്ചിരുന്നു. എന്നാൽ കുടുംബ ബിസിനസ്സുമായി ബന്ധപ്പെട്ട ചുമതലകൾ വഹിക്കുന്ന മയൂര ഇത്തവണ മത്സരരംഗത്ത് ഇറങ്ങാൻ സാധ്യതയില്ലെന്നാണ് സൂചന.

സുൽത്താൻ ബത്തേരിയിൽ സിറ്റിങ് എംഎൽഎ ഐ സി ബാലകൃഷ്ണനെ മണ്ഡലം മാറ്റി മത്സരിപ്പിക്കാനുള്ള ആലോചനകൾ കോൺഗ്രസിൽ സജീവമാണ്. കഴിഞ്ഞ രണ്ട് ടേമായി സിപിഐഎം വിജയിക്കുന്ന മാനന്തവാടിയിലേയ്ക്ക് ഐ സി ബാലകൃഷ്ണനെ മാറ്റാനാണ് ആലോചന. അങ്ങനെയെങ്കിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി മഞ്ജുകുട്ടനെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. മുൻ മന്ത്രി പി കെ ജയലക്ഷ്മിയുടെ പേരും ഒരു വിഭാഗം ഐ സി ബാലകൃഷ്ണന് പകരമായി ബത്തേരിയിൽ ഉയർത്തിക്കാണിക്കുന്നുണ്ട്. മുൻ എംഎൽഎ രാധാ രാഘവൻ്റെ മരുകൻ ഡോ. പ്രഭാകരനെ ബത്തേരിയിൽ മത്സരിപ്പിക്കണമെന്ന ആവശ്യവും നേതൃത്വത്തിന് മുന്നിലുണ്ട്. 2006ൽ മുസ്‌ലിം ലീഗ്-ഡിഐസി ധാരണയുടെ ഭാഗമായി സിറ്റിങ് സീറ്റായ വടക്കേ വയനാട് രാധാ രാഘവൻ ലീഗിന് വിട്ടുകൊടുത്തിരുന്നു. കെ മുരളീധരന് കൊടുവള്ളി മണ്ഡലം ലീഗ് വിട്ടു നൽകിയതിൻ്റെ ഭാഗമായിട്ടായിരുന്നു അന്ന് കരുണാകരൻ്റെ വിശ്വസ്തയായിരുന്ന രാധാ രാഘവൻ സിറ്റങ് സീറ്റ് ഒഴിയാൻ തയ്യാറായത്. അടുത്ത തെരഞ്ഞെടുപ്പിൽ മരുമകന് ബത്തേരി സീറ്റ് നൽകാമെന്ന ധാരണയുടെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. എന്നാൽ പിന്നീട് ഡിഐസി കോൺഗ്രസിൻ്റെ ഭാഗമായെങ്കിലും രാധാ രാഘവൻ്റെ ആവശ്യം പരിഗണിക്കപ്പെട്ടിരുന്നില്ല. ഐ സി ബാലകൃഷ്ണൻ ബത്തേരിയിൽ നിന്ന് മാറുന്ന സാഹചര്യത്തിൽ ബത്തേരിയിൽ പ്രഭാകരനെ വീണ്ടും പരിഗണിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. രാഘവൻ മാസ്റ്റർക്കും രാധാ രാഘവനും ശേഷം കുറുമ വിഭാഗത്തെ കോൺഗ്രസ് പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഡോ പ്രഭാകരന് വേണ്ടി ഒരു വിഭാഗം രംഗത്തുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം സുൽത്താൻ ബത്തേരിയിൽ പ്രഭാകരനെ മത്സരിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഡിസിസി ജില്ലാ ട്രഷററായിരുന്ന എംഎൻ വിജയൻ്റെ ആത്മഹത്യയിൽ അടക്കം ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണനെ മത്സരരം​ഗത്ത് നിന്ന് മാറ്റി നി‍ർത്തണമെന്ന ആവശ്യവും കോൺ​ഗ്രസിലെ ഒരു വിഭാ​ഗം ഉയ‍ർത്തുന്നുണ്ട്.

യുഡിഎഫിലേയ്ക്ക് എത്തിയ സി കെ ജാനു സീറ്റിനായി കടുപിടുത്തം പിടിച്ചാൽ സുൽത്താൻ ബത്തേരി വിട്ടുകൊടുക്കാൻ കോൺഗ്രസ് നിർബന്ധിതരായേക്കും. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും സി കെ ജാനു ബത്തേരിയിൽ നിന്ന് മത്സരിച്ചിരുന്നു. അത്തരമൊരു സാഹചര്യം വരികയാണെങ്കിൽ ഐ സി ബാലകൃഷ്ണൻ മാനന്തവാടിയിൽ മത്സരിച്ച് സി കെ ജാനു സുൽത്താൻ ബത്തേരിയിൽ മത്സരിക്കട്ടെയെന്ന നീക്കുപോക്കിലേക്ക് എത്തിയേക്കാമെന്നാണ് സൂചന.

സുൽത്താൻ ബത്തേരിയിൽ ഇത്തവണ കോൺഗ്രസ് വിട്ടെത്തിയ എം എസ് വിശ്വനാഥനെ തന്നെയാണ് സിപിഐഎം സജീവമായി പരിഗണിക്കുന്നത്. 2021ൽ എം എസ് വിശ്വനാഥനായിരുന്നു ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. തദ്ദേശ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി നഗരസഭയിലെ പൂമല ഡിവിഷനിൽ നിന്നും എം എസ് വിശ്വനാഥൻ വിജയിച്ചിരുന്നു. നിലവിൽ സിപിഐഎം സുൽത്താൻ ബത്തേരി ഏരിയാ കമ്മിറ്റി അംഗമാണ് വിശ്വനാഥൻ. ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡൻ്റ് വാസുദേവൻ, സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം രുഗ്മിണി സുബ്രഹ്മണ്യൻ എന്നിവരെയും ബത്തേരിയിൽ സിപിഐഎം പരിഗണിക്കുന്നുണ്ട്. യുവജന രംഗത്ത് നിന്നുള്ള പുതുമുഖ സ്ഥാനാർത്ഥി മത്സരിക്കണമെന്ന അഭിപ്രായവും ഉയർന്ന് വരുന്നുണ്ട്.

പരമ്പരാഗതമായി കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായ മാനന്തവാടി ഇത്തവണ തിരിച്ച് പിടിക്കണമെന്ന കർശന നിലപാടിലാണ് കെപിസിസി നേതൃത്വം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മാനന്തവാടിയിൽ നടത്തിയ വൻമുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന കണക്ക് കൂട്ടലിലാണ് കെപിസിസി നേതൃത്വം. കഴിഞ്ഞ രണ്ട് ടേമിലും സിറ്റിങ് എംഎൽഎയും മന്ത്രിയുമായ ഒ ആർ കേളുവിനോട് പരാജയപ്പെട്ട പി കെ ജയലക്ഷ്മിയെ ഇത്തവണ മാനന്തവാടിയിൽ പരിഗണിച്ചേക്കില്ല. പി കെ ജയലക്ഷ്മിക്ക് വിജയസാധ്യതയില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. മാറി നിൽക്കണമെങ്കിൽ താൻ നിർദ്ദേശിക്കുന്ന ആളെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാട് ജയലക്ഷ്മി നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുണ്ടെന്നാണ് വിവരം.

മുസ്‌ലിം ലീഗ് നേതൃത്വത്തിന് കൂടുതൽ സ്വീകാര്യനായ, മണ്ഡലത്തിൽ നിന്ന് തന്നെയുള്ള ഐ സി ബാലകൃഷ്ണനെ ജയലക്ഷ്മിക്ക് പകരം മാനന്തവാടിയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി മഞ്ജുകുട്ടൻ്റെ പേരും മാനന്തവാടിയിൽ സജീവ പരിഗണനയിലുണ്ട്. കെ സി വേണുഗോപാലിൻ്റെ നോമിനി എന്ന നിലയിൽ മഞ്ജുകുട്ടനെ സുൽത്താൻ ബത്തേരിയിലോ മാനന്തവാടിയിലോ കോൺഗ്രസ് നേതൃത്വം പരിഗണിച്ചേക്കും. വയനാട്ടിൽ നിന്നുള്ള പ്രധാന ഗോത്രവിഭാഗ ഐക്കണുകളായ ചെറുവയൽ രാമനെയും സി കെ ജാനുവിനെയും സന്ദർശിച്ച ഫോട്ടോ കഴിഞ്ഞ ദിവസങ്ങളിൽ മഞ്ജുക്കുട്ടൻ പങ്കുവെച്ചിരുന്നു. വയനാടൻ ചുരം കയറും മുൻപേ പിതാവിനെ കണ്ട് അനുഗ്രഹം വാങ്ങി എന്ന കുറിപ്പോട് കൂടി താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിനൊപ്പമുള്ള ഫോട്ടോയും മഞ്ജുക്കുട്ടൻ എഫ്ബിയിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം മാനന്തവാടി മെഡിക്കൽ കോളേജിൽ ഉണ്ടായ ചികിത്സാപ്പിഴവ് വിഷയത്തിലും മഞ്ജുക്കുട്ടൻ സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉയർത്തിയിരുന്നു. വയനാട്ടിലെ രണ്ട് സംവരണ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാൻ നേതൃത്വം മഞ്ജുക്കുട്ടനെ പരിഗണിക്കുന്നു എന്നതിൻ്റെ സൂചനയായാണ് ഇതെല്ലാം വിലയിരുത്തപ്പെടുന്നത്. കൽപ്പറ്റ എംഎൽഎയും വയനാട് എം പിയും ജില്ലയ്ക്ക് പുറത്തുനിന്നുള്ള ആളാണെന്ന് ചൂണ്ടിക്കാണിച്ച് ഒരുവിഭാഗം മഞ്ജുകുട്ടൻ്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നുണ്ട്.

മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ തന്നെ മാനന്തവാടിയിൽ പരിഗണിക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. വടക്കേ വയനാട് മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎ കെ കെ അണ്ണൻ്റെ മകൻ മുരളീദാസ് പിയുടെ പേരിനാണ് മാനന്തവാടിയിൽ മുൻതൂക്കം. കെപിഎസ് റ്റിഎ ജില്ലാ ഭാരവാഹിയും മാനന്തവാടി ജിയുപിഎസ് അധ്യാപകനുമാണ് മുരളീദാസ്. മുൻ എടവക പഞ്ചായത്ത് പ്രസിഡൻ്റും നിലവിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഉഷ വിജയൻ, നിലവിലെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും മുൻ ജില്ലാ പഞ്ചായത്ത് അംഗവും ആദിവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മീനാക്ഷിരാമൻ എന്നിവരും പരിഗണനയിലുണ്ട്. ഇതിനിടെ കോൺഗ്രസിലെ ജയലക്ഷ്മി വിരുദ്ധർ പണിയവിഭാഗത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥിയെന്ന ആവശ്യവുമായി മണിക്കുട്ടൻ പണിയൻ്റെ പേരും ചർച്ചയിലേയ്ക്ക് കൊണ്ടുവരുന്നുണ്ട്. എന്നാൽ ആ പേര് നേതൃത്വം പരിഗണിച്ചേക്കില്ലെന്നാണ് സൂചന.

മാനന്തവാടിയിൽ സിറ്റിങ് എംഎൽഎ ഒ ആർ കേളുവിനെ തന്നെയാണ് സിപിഐഎം പരിഗണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ജനകീയനായ ഒ ആർ കേളു തന്നെ ഇവിടെ മത്സരിക്കണമെന്നാണ് സിപിഐഎമ്മിൻ്റെ പ്രാദേശിക ഘടകങ്ങളും ആവശ്യപ്പെടുന്നത്. ടേം വ്യവസ്ഥയിൽ ഇളവ് നൽകി ഒ ആർ കേളുവിന് മാനന്തവാടിയിൽ മൂന്നാം ഊഴം നൽകാനാണ് സിപിഐഎമ്മിൻ്റെ നേതൃത്വവും ആലോചിക്കുന്നത്.

വയനാട് ജില്ലയിലെ കൽപ്പറ്റ മുൻസിപ്പാലിറ്റി, കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മൂപ്പൈനാട്, മുട്ടിൽ, പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, വെങ്ങാപ്പള്ളി, വൈത്തിരി പഞ്ചായത്തുകൾ ചേരുന്നതാണ് കൽപ്പറ്റ നിയമസഭാ മണ്ഡലം. 1965ലാണ് കൽപ്പറ്റ മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 2,00,895 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം.

വയനാട് ജില്ലയിലെ സുൽത്താൻ മുൻസിപ്പാലിറ്റി, അമ്പലവയൽ, മീനങ്ങാടി, മുള്ളൻകൊല്ലി, നെന്മേനി, നൂൽപ്പുഴ, പൂതാടി, പുൽപ്പള്ളി പഞ്ചായത്തുകൾ ചേരുന്നതാണ് സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലം. 1977ലാണ് സുൽത്താൻ ബത്തേരി മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 2,20,167 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം.

വയനാട് ജില്ലയിലെ മാനന്തവാടി മുൻസിപ്പാലിറ്റി, തിരുനെല്ലി, തവിഞ്ഞാൽ, എടവക, വെള്ളമുണ്ട, തൊണ്ടർനാട്, പനമരം പഞ്ചായത്തുകൾ ചേരുന്നതാണ് മാനന്തവാടി നിയമസഭാ മണ്ഡലം. 1965ൽ നിലവിൽ വന്ന വടക്കേ വയനാട് നിയമസഭാ മണ്ഡലം 2008ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് മാനന്തവാടി നിയമസഭാ മണ്ഡലം ആയി മാറിയത്. 2008വരെ കണ്ണൂർ ജില്ലയില കൊട്ടിയൂർ, കേളകം പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു വടക്കേ വയനാട് നിയമസഭാ മണ്ഡലം. ഈ രണ്ട് പഞ്ചായത്തുകൾ ഒഴിവാക്കി പനമരം പഞ്ചായത്ത് കൂടി കൂട്ടിച്ചേർത്തായിരുന്നു 2008ലെ മണ്ഡല പുനർ നിർണ്ണയം. 2021ലെ വോട്ടർപട്ടിക പ്രകാരം 1,95,048 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം.

Content Highlight: Wayanad Assembly Election 2026: OR Kelu Confirmed in Mananthavady, T Siddique in Kalpetta; IC Balakrishnan May Switch Constituency?

To advertise here,contact us