തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭരണവിരുദ്ധ വികാരം ഇല്ല എന്നും ഉണ്ടായിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല സ്ഥിതി എന്നും റിയാസ് പറഞ്ഞു. കുടുംബയോഗങ്ങളിൽ പങ്കെടുത്തപ്പോൾ ഭരണത്തിനെതിരെയോ വികസനത്തിനെതിരെയോ ചോദ്യങ്ങൾ വന്നിട്ടില്ല. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും അവിടുത്തെ പ്രശ്നങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത് എന്നും മന്ത്രി പറഞ്ഞു. വികസനവും ക്ഷേമപ്രവർത്തനങ്ങളും ജനങ്ങൾ അംഗീകരിക്കുന്നുവെന്നും അത് ജനങ്ങളിൽ എത്തിക്കുന്നതിൽ പാളിച്ച പറ്റിയോ എന്നത് പരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓരോ തെരഞ്ഞെടുപ്പിലും ഓരോ വോട്ടിങ് പാറ്റേൺ ആണ് ഉള്ളതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയിൽ ഇടതുപക്ഷത്തിനാണ് ജനങ്ങൾ കൂടുതലായും വോട്ട് ചെയ്യുക. മണ്ഡല പുനർവിഭജനത്തിന് ശേഷം എൽഡിഎഫിന് കുറഞ്ഞത് 68 സീറ്റുകൾ ഉറപ്പിക്കാനായി എന്നും റിയാസ് വ്യക്തമാക്കി. കേരളത്തിൽ മതവർഗീയത ഇല്ലാതെയാകണമെങ്കിൽ, സദ്ഭരണം ഉണ്ടാകണമെങ്കിൽ എൽഡിഎഫിന് തന്നെ വോട്ട് ചെയ്യണമെന്ന് യുഡിഎഫ് പ്രവർത്തകർക്ക് പോലും അറിയാം എന്നും റിയാസ് കൂട്ടിച്ചേർത്തു. മിഷൻ 110 എന്ന ലക്ഷ്യം നേടാൻ പ്രയാസമില്ല. മന്ത്രിമാർക്ക് കൊമ്പില്ല. ജനങ്ങൾക്കൊപ്പമാണ് എൽഡിഎഫ് മന്ത്രിമാരും സർക്കാരും എന്നും റിയാസ് വ്യക്തമാക്കി.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗോലുവിനെയും റിയാസ് വിമർശിച്ചു. കനുഗോലു അല്ല ഏത് കോലു വന്നാലും ജനങ്ങളുമായുള്ള ബന്ധമാണ് പ്രധാനം. നാട്ടിലെ ജനങ്ങളുമായി സംവദിച്ചുകൊണ്ടാണ് താൻ മുന്നേറുന്നത്. അവരുമായുള്ള ബന്ധമാണ് തനിക്ക് പ്രധാനം. അതാണ് തന്റെ കരുത്തും. കനഗോലു അദ്ദേഹത്തിന്റെ ജോലിയാണ് ചെയ്യുന്നത്. കോൺഗ്രസിന്റെ ആദർശത്തിന്റെ ഭാഗമായാണോ കനഗോലു പ്രവർത്തിക്കുന്നത്? അയാളുടെ കഞ്ഞികുടി മുട്ടിക്കാൻ ഞാനില്ല എന്നും മന്ത്രി വ്യക്തമാക്കി.ബേപ്പൂരിൽ പി വി അൻവറിനെ സ്ഥാനാർത്ഥിയാക്കുമോ ഇല്ലയോ എന്നത് യുഡിഎഫ് ആണ് തീരുമാനിക്കേണ്ടത് എന്നും റിയാസ് പറഞ്ഞു.എ കെ ബാലന്റെ ജമാഅത്തെ ഇസ്ലാമി പാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് അത് അറിയില്ല എന്നും വികസനവും പൊതുരാഷ്ട്രീയവും പറയാനാണ് തീരുമാനം എന്നുമായിരുന്നു റിയാസിന്റെ മറുപടി.
Content Highlights: muhammad riyas against sunil kanugolu, against congress ahead of kerala assembly elections 2026