കൊച്ചി: മന്ത്രവാദവും ആഭിചാര പ്രവർത്തനങ്ങളും തടയാൻ പ്രത്യേക സെൽ രൂപീകരിക്കുന്നത് സർക്കാർ പരിഗണനയിൽ എടുക്കണമെന്ന് ഹൈക്കോടതി. കേരള യുക്തിവാദി സംഘം സമർപ്പിച്ച പൊതുതാത്പര്യ ഹർജി ജനുവരി 6ന് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ചീഫ് സെക്രട്ടറിക്കാണ് ഹൈക്കോടതി നിർദ്ദേശം നല്കിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. അന്ധവിശ്വാസവിരുദ്ധ നിയമനിർമ്മാണത്തിന് കാലതാമസം എടുക്കുന്ന സാഹചര്യത്തിലാണ് ഒരു ഇടക്കാല സംവിധാനമെന്ന നിലയിൽ സെൽ രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
നിലവിലെ നിയമങ്ങൾ മന്ത്രവാദവും ആഭിചാര പ്രവർത്തനങ്ങളും തടയാൻ പര്യാപ്തമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇത്തരം മനുഷ്യത്വ വിരുദ്ധമായ പ്രവർത്തികൾ തടയാൻ ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഒരു കമ്മിറ്റിയെ സർക്കാർ നേരത്തെ നിയോഗിച്ചിരുന്നു.
മുൻ നിയമ സെക്രട്ടറിയും ജില്ല ജഡ്ജിയുമായ ശശിധരൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ എന്നിവരടങ്ങിയ പ്രസ്തുത മൂന്നംഗം കമ്മിറ്റി മൂന്ന് മാസത്തെ ഗവേഷണത്തിനും പഠനത്തിനും ശേഷം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അന്ധവിശ്വാസവിരുദ്ധ നിയമനിർമ്മാണത്തിന് പ്രത്യേക സെൽ രൂപീകരണം തടസ്സമാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയം ഫെബ്രുവരി 10ന് വീണ്ടും പരിഗണിക്കും.
Content Highlight: Kerala High Court asks state to introduce special cell to tackle offences like black magic offences, witchcraft, sorcery and other inhumane practices. The suggestion was made by the court while considering the public interest litigation filed by Kerala Yukthivadhi Sangham.