'ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി'; വിചാരണ കോടതിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

വിധി പറയാന്‍ ജഡ്ജി അര്‍ഹയല്ലെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം. വിധി പറയാന്‍ ജഡ്ജി അര്‍ഹയല്ലെന്ന് ഉള്‍പ്പെടേയുള്ള പരാമർശങ്ങളാണ് നിയമോപദേശത്തിലുള്ളത്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ വിചാരണ കോടതി ജഡ്ജി സംശയ നിഴലിലാണ്. അതിനാല്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.

ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധിയെന്നും വിമര്‍ശനമുണ്ട്. ഗൗരവമേറിയ നിരവധി തെളിവുകളാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയത്. എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്.

'ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകള്‍ സമര്‍പ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളി. വിവേചനപരമായിട്ടാണ് ജഡ്ജി പെരുമാറിയത്. തെളിവുകള്‍ പരിശോധിക്കാന്‍ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് എതിരെ അംഗീകരിച്ച തെളിവുകള്‍ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാന്‍ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമര്‍ശങ്ങള്‍', നിയമോപദേശത്തില്‍ പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അപ്പീല്‍ നല്‍കാന്‍ അനുമതി തേടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ആറ് പ്രതികളെ മാത്രം ശിക്ഷിക്കുകയും എട്ടാംപ്രതി നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്ത വിചാരണക്കോടതി വിധിയാണ് ചോദ്യം ചെയ്യുക. അപ്പീൽ ഉടൻ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്.

കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നായിരുന്നു വിചാരണക്കോടതിയുടെ വിധി. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ആറ് പേര്‍ക്കും 20 വര്‍ഷം കഠിന തടവും പിഴയുമായിരുന്നു കോടതി വിധിച്ചിരുന്നത്. കേസിലെ എട്ടാം പ്രതി ദിലീപ് അടക്കം നാല് പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്

ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. 2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു സംഭവം നടന്നത്. നടിക്ക് നേരെ ഗുണ്ടാ ആക്രമണം എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതിന് ശേഷമാണ് സമാനതകളില്ലാത്ത ക്രൂരത പുറംലോകമറിയുന്നത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു നടിക്ക് നേരെയുള്ള ക്രൂരത. അങ്കമാലി അത്താണിക്ക് സമീപം നടി സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പ്രതികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂറോളം വാഹനത്തിൽവെച്ച് അതിക്രൂരമായ പീഡനം.

ഇതിന് ശേഷം നടിയെ നടൻ ലാലിന്റെ വീടിന് മുന്നിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. നടൻ ലാൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഈ സമയം പി ടി തോമസ് എംഎൽഎയും സംഭവം അറിഞ്ഞെത്തി. തുടർന്ന് നടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസിന് പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ക്വട്ടേഷൻ സംഘത്തിലേക്ക് അന്വേഷണം എത്തിയത്. സിനിമാക്കാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പൾസർ സുനിയാണ് ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പിലാക്കിയതെന്നും വ്യക്തമായി.

2017 ഏപ്രിൽ 18ന് പൾസർ സുനിയെ ഒന്നാം പ്രതിയാക്കി പൊലീസ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് കേസിൽ നടൻ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങൾക്ക് തുടക്കമാകുന്നത്. 2017 ജൂൺ 23ന് കേസിൽ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തി പൾസർ സുനി എഴുതിയ കത്ത് റിപ്പോർട്ടർ ടിവി പുറത്ത് വിട്ടത് കേസിലെ നിർണ്ണായക വഴത്തിരിവായി. പിറ്റേന്ന് തന്നെ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.

2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. പിന്നീട് 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം 2017 ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു.

Content Highlights:kochi actress attack case legal advice criticises trial court judge with strong remarks

To advertise here,contact us