പാർട്ടി ലൈൻ മുഖ്യം ! വെള്ളാപ്പള്ളിയെയും പിണറായിയെയും വിമർശിച്ചതിന് ഇടത് നിരീക്ഷകനെ ശാസിച്ച് സിപിഐഎം

പിണറായി വിജയനെയും വെള്ളാപ്പള്ളി നടേശനെയും വിമർശിച്ചതിന് പിന്നാലെ 'ഇടത് നിരീക്ഷക'നെ ശാസിച്ച് സിപിഐഎം

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെയും വെള്ളാപ്പള്ളി നടേശനെയും വിമർശിച്ചതിന് പിന്നാലെ 'ഇടത് നിരീക്ഷക'നെ ശാസിച്ച് സിപിഐഎം. ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനായ ബി എൻ ഹസ്കറിനെയാണ് പാർട്ടി ശാസിച്ചത്. പാർട്ടി ലൈൻ കർശനമായി സ്വീകരിക്കണമെന്നും അല്ലെങ്കിൽ ഇടത് നിരീക്ഷകൻ എന്ന പേരിൽ ചർച്ചകളിൽ പങ്കെടുക്കേണ്ട എന്നായിരുന്നു ഹസ്കറിനെ പാർട്ടി അറിയിച്ചത്.

ഹസ്കറിനെ വിളിച്ചുവരുത്തിയാണ് പാർട്ടി ശാസിച്ചത്. സിപിഐഎമ്മിന്റെ ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലായിരുന്നു ശാസനം. സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദാണ് ഹസ്കറിനെ ശാസിച്ചത്. സംസ്ഥാന കമ്മിറ്റി നിർദേശിച്ച പ്രകാരമാണ് ഈ നിർദേശമെന്നും കർശനമായി പാലിക്കണമെന്നും സോമപ്രസാദ് ഹസ്കറിനെ അറിയിച്ചു. എന്നാൽ ഇടത് നിരീക്ഷകൻ എന്ന ലേബൽ വെയ്ക്കുന്നത് മാധ്യമങ്ങളാണെന്നും താൻ അല്ല എന്നുമായിരുന്നു ഹസ്കറിന്റെ വാദം.

വെള്ളാപ്പള്ളി - പിണറായി കൂട്ടുകെട്ടിനെ രൂക്ഷമായാണ് ചാനൽ ചർച്ചകളിൽ ഹസ്കർ വിമർശിച്ചത്. കേരളത്തിൽ ഇടതുപക്ഷത്തിനും സിപിഐഎമ്മിനും നിദ്രാവ്യാധി ബാധിച്ചിരിക്കുന്നു എന്നാണ് ചാനൽ ചർച്ചയിൽ ഹസ്കർ പറഞ്ഞത്. 1996ലെ തെറ്റുതിരുത്തൽ രേഖയിൽ സർക്കാർ നൽകുന്ന കാറിൽ ജനപ്രതിനിധികൾ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കയറ്റരുത് എന്ന് നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താൻ പാർട്ടിക്ക് കഴിയാതെ പോയത് വല്ലാത്ത കാപട്യമാണ്. വെള്ളാപ്പള്ളിയുടേത് വിഷലിപ്തമായ നാവാണ്. മതനേതാക്കൾക്കെതിരെ ആഞ്ഞടിക്കുമ്പോൾ മാത്രമേ ഇടതുപക്ഷത്തിന്റെ നിലപാടുകളിൽ വജ്രശോഭയുണ്ടാകൂ. ആ നിലപാടുകൾക്ക് ജരാനര ബാധിക്കുന്നത് ഭയാനകമാണ്, ആപത്കരമാണ്.

സിപിഐഎമ്മിന്റെ മൗനമാണ് മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കാൻ വെള്ളാപ്പള്ളിക്ക് ധൈര്യം നൽകുന്നത്. സിപിഐ കൃത്യമായി നിലപാട് പറഞ്ഞിട്ടുണ്ട്. എന്നാൽ സിപിഐഎമ്മിന് അതിന് കഴിയുന്നില്ല എന്നത് രാഷ്ട്രീയ ഇരട്ടത്താപ്പായി പരിഗണിക്കപ്പെടും എന്നും ഹസ്കർ പറഞ്ഞിരുന്നു.

Content Highlights: CPI(M) has reprimanded a Left observer for criticising the alleged Vellappally–Pinarayi alliance, stressing that party line remains paramount

To advertise here,contact us