തുടർച്ചയായ സംഘർഷങ്ങളും സാമ്പത്തികക്രമക്കേടും;തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ SFI യൂണിറ്റ് പിരിച്ചുവിട്ടു

സംഘര്‍ഷങ്ങളുടെ പേരില്‍ തുടര്‍ച്ചയായി യൂണിവേഴ്‌സിറ്റി കോളേജ് പ്രതികൂട്ടിലായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു. ജില്ലാകമ്മിറ്റി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് നടപടി. സാമ്പത്തിക ക്രമക്കേടും സംഘര്‍ഷങ്ങളും തുടര്‍ച്ചയായതോടെയാണ് നടപടി. ക്രമക്കേടുകള്‍ അന്വേഷിക്കാനാണ് ജില്ലാകമ്മിറ്റി തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗത്തെ ഉള്‍പ്പെടുത്തി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. അതേസമയം യൂണിറ്റ് പിരിച്ചുവിട്ടിട്ടില്ല എന്ന വാദവുമായി യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ കമ്മിറ്റി രംഗത്തെത്തി.

സംഘര്‍ഷങ്ങളുടെ പേരില്‍ തുടര്‍ച്ചയായി യൂണിവേഴ്‌സിറ്റി കോളേജ് പ്രതികൂട്ടിലായിരുന്നു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ അനധികൃത താമസവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നേരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ എത്തിയ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥി കൂടിയായ ജില്ലാ നേതാവിനെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയുണ്ടായി.

നേരത്തെ ഭിന്നശേഷിക്കാരനെ ആക്രമിച്ച കേസില്‍ നാല് എസ്എഫ്‌ഐ നേതാക്കളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ പ്രതികള്‍ക്ക് പിന്നീട് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്വീകരിച്ചതും ചര്‍ച്ചയായിരുന്നു.

സംഘടനയെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയ ആക്രമണക്കേസുകളുടെ പേരില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയെ പിരിച്ചുവിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlights: SFI unit at Thiruvananthapuram University College disbanded

To advertise here,contact us