തിരുവനന്തപുരം കോർപറേഷൻ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; ആർ ശ്രീലേഖയുടെ വോട്ട് അസാധു

നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലായിരുന്നു സംഭവം

തിരുവനന്തപുരം: കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർ ആർ ശ്രീലേഖയുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിൽ ഒപ്പിടാത്തതിന് പിന്നാലെയാണ് വോട്ട് അസാധുവായത്. നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലായിരുന്നു സംഭവം.

വോട്ടെടുപ്പ് പൂർത്തിയായ ശേഷം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 12 അംഗ സമിതിയിലേക്കുള്ള നിർണായക വോട്ടെടുപ്പായിരുന്നു ഇത്. വിഷയത്തിൽ ബിജെപി നേതൃത്വമോ ശ്രീലേഖയോ പ്രതികരിച്ചിട്ടില്ല. അതേസമയം എട്ട് സ്ഥിരം സമിതികളിൽ 3 സമിതികളിൽ മാത്രമാണ് ക്വാറം തികഞ്ഞത്. ഇനിയും ക്വാറം തികയാൻ 5 സമിതികൾ കൂടിയുണ്ട്. വെള്ളിയാഴ്ചയോടെയായിരിക്കും തെരഞ്ഞെടുപ്പ് പൂർത്തിയാകുക.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമാണ് ശാസ്തമംഗലത്ത് നിന്ന് കൗൺസിലറായി വിജയിച്ച ആർ ശ്രീലേഖ. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ചിരുന്നത് ശ്രീലേഖയെ ആയിരുന്നു. എന്നാൽ വി വി രാജേഷിനെ നേതൃത്വം മേയറാക്കി. പിന്നാലെ അതൃപ്തി പരസ്യമാക്കി ശ്രീലേഖ രംഗത്ത് വരികയും വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ പഴിച്ച് പരാമർശം നടത്തുകയും ചെയ്തിരുന്നു.

Content Highlights :‌ BJP councilor R Sreelekha's vote in the election of corporation standing committee members was invalidated

To advertise here,contact us