പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തുവന്ന സംഭവം: അന്വേഷണത്തിന് ഡിഎംഒയുടെ നിര്‍ദേശം

യുവതി മന്ത്രി ഒ ആര്‍ കേളുവിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുന്നത്

വയനാട്: മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തുവന്ന സംഭവത്തിലാണ് ഡിഎംഒയുടെ നിര്‍ദേശം. യുവതി മന്ത്രി ഒ ആര്‍ കേളുവിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 20നായിരുന്നു മാനന്തവാടി പാണ്ടക്കടവ് സ്വദേശിനിയായ 21കാരിയുടെ പ്രസവം നടന്നത്. 25ന് യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് പിന്നാലെ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തി ഡോക്ടറെ കാണുകയും ചെയ്തു. എന്നാല്‍ വെള്ളം കുടിക്കാത്തതാണ് പ്രശ്‌നം എന്ന് പറഞ്ഞ് യുവതിയെ ഡോക്ടര്‍ മടക്കി അയച്ചു. ഇതിന് പിന്നാലെ യുവതിക്ക് വീണ്ടും വയറുവേദന അനുഭവപ്പെടുകയും ഡോക്ടറെ കാണുകയും ചെയ്തു. എന്നാല്‍ വിശദമായ പരിശോധന പോലും നടത്താതെ മടക്കി അയച്ചു.

ഇതിന് ശേഷവും യുവതിക്ക് വയറുവേദന അനുഭവപ്പെട്ടു. ഇതിനിടെ ഡിസംബര്‍ 29ന് ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തുവരികയും ദുര്‍ഗന്ധം അനുഭവപ്പെടുകയുമായിരുന്നു. രക്തസ്രാവം തടയാന്‍വെയ്ക്കുന്ന തുണി പുറത്തെടുക്കാത്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തിന് പിന്നാലെ യുവതി മന്ത്രി ഒ ആര്‍ കേളുവിനും പൊലീസിനും പരാതി നല്‍കുകയായിരുന്നു. ഇതിലാണ് ഡിഎംഒ അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുന്നത്.

Content Highlights- Dmo announce investigation on a cotton cloth found body of woman in wayanad

To advertise here,contact us