മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന അനുവദിക്കാത്ത അനുഭവം ഉണ്ടെന്ന് സി വി ആനന്ദബോസ്; ആരോപണം തള്ളി സുകുമാരന്‍ നായര്‍

പെരുന്നയില്‍ താൻ പോകുന്നത് ഗേറ്റ്കീപ്പറെ കാണാനല്ലെന്നും ആനന്ദബോസ് പറഞ്ഞു

കൊച്ചി: എന്‍എസ്എസ് നേതൃത്വത്തിനെതിരേ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രംഗത്ത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന അനുവദിക്കാത്ത അനുഭവം ഉണ്ടെന്നാണ് ആനന്ദബോസ് പറഞ്ഞത്. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പായി പുഷ്പാര്‍ച്ചനയ്ക്ക് എത്തിയപ്പോഴായിരുന്നു അവഗണന. എല്ലാ നായന്മാര്‍ക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകം. താനൊരു കരയോഗം നായരാണ്. പെരുന്നയില്‍ താൻ പോകുന്നത് ഗേറ്റ്കീപ്പറെ കാണാനല്ലെന്നും ആനന്ദബോസ് പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന മന്നം അനുസ്മരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ആനന്ദബോസ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. തനിക്ക് വളരെ സങ്കടകരമായ ഒരു അനുഭവമുണ്ടായെന്നും അത് തുറന്നുപറയാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞായിരുന്നു ആനന്ദബോസ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ തിരിഞ്ഞത്.

'ഗ്രാമപ്രദേശത്ത് പഠിച്ചുവളര്‍ന്ന ആളാണ് ഞാന്‍. മലയാളം മീഡിയത്തിലാണ് പഠിച്ചത്. ദൈവാനുഗ്രഹം കൊണ്ട് ഐഎഎസ് കിട്ടി. പശ്ചിമബംഗാളിന്റെ ഗവര്‍ണറാക്കാന്‍ ആഗ്രഹിക്കുന്നായി ഒരു ദിവസം പ്രധാനമന്ത്രി വിളിച്ചുപറഞ്ഞു. കരയോഗമാണ് എന്നെ ആ സ്ഥാനത്ത് എത്തിച്ചത്. അത് മനസില്‍വെച്ചുകൊണ്ടാണ് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് മന്നത്താചാര്യന്റെ മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. ജനറല്‍ സെക്രട്ടറി ഡോര്‍ തുറന്ന് സ്വീകരിച്ചു. ചായ സല്‍ക്കാരം നല്‍കി. കാറില്‍ കയറ്റി തിരികെ അയച്ചു. എന്നാല്‍ പുഷ്പാര്‍ച്ചന നടത്തുന്ന കാര്യം മാത്രം പറഞ്ഞില്ല. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നത് നായര്‍ സമുദായ അംഗങ്ങളുടെ അവകാശമല്ലേ', ആനന്ദബോസ് ചോദിച്ചു. ഡല്‍ഹിയില്‍ മന്നത്തിന്റെ സ്മാരകം നിര്‍മിക്കണമെന്നും അതിനായി തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കുമെന്നും ആനന്ദബോസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ആനന്ദബോസിന്റെ ആരോപണം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തള്ളി. പുഷ്പാര്‍ച്ചന നടത്തണമെന്ന് ആനന്ദബോസ് ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു സുകുമാരന്‍ നായര്‍ വിശദീകരിച്ചത്.

Content Highlights- West Bengal Governor C V Anandabose against nss

To advertise here,contact us