പാലക്കാട്: വാളയാറില് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ് ഭാഗേലിന്റെ ആള്ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാള് കൂടി കസ്റ്റഡിയില്. തമിഴ്നാട്ടില് നിന്നാണ് അട്ടപ്പള്ളം സ്വദേശിയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതേസമയം കഴിഞ്ഞ ദിവസം കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പ്രതികളെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ജഗദീഷ്കുമാര്, വിനോദ്കുമാര്, ഷാജി എന്നിവരെയാണ് വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആള്ക്കൂട്ട ആക്രമണമുണ്ടായ കിഴക്കേ അട്ടപ്പള്ളം, അടിയേറ്റ് വീണുകിടന്ന മാതാളിക്കാട്, അട്ടപ്പളം ജംഗ്ഷന് എന്നിവിടങ്ങളിലായിരുന്നു ക്രൈംബ്രാഞ്ച് എസ്ഐടി സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.
ഡിസംബര് 18നാണ് വാളയാര് അട്ടപ്പള്ളത്ത് രാംനാരായണ് അതിക്രൂരമായ ആള്ക്കൂട്ട മര്ദനത്തിനിരയായി മരിക്കുന്നത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള് പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്ന്ന് യുവാക്കള് സ്ഥലത്തെത്തുകയും ആള്ക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താനൊന്നും മോഷ്ടിച്ചില്ലെന്ന് രാംനാരായണ് പറയുന്നുണ്ടെങ്കിയും സംഘം അത് കേള്ക്കാന് കൂട്ടാക്കിയില്ല. 'നീ ബംഗ്ലാദേശി ആണോടാ' എന്ന് ചോദിച്ച് ക്രൂരമായി മര്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സംഘം പകര്ത്തിയിരുന്നു.
ക്രൂരമര്ദനമേറ്റ് രാംനാരായണ് നിലത്തുവീണുപോയിരുന്നു. മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാതെ നിലത്തുതന്നെ കിടന്നു. പൊലീസ് എത്തിയാണ് രാംനാരായണിനെ ആശുപത്രിയില് പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കിടെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലെ വിവരങ്ങള് പുറത്തുവന്നോഴാണ് രാംനാരായണ് അനുഭവിച്ച ക്രൂരതയുടെ ആഴം പുറംലോകമറിയുന്നത്. രാംനാരായണിന്റെ ശരീരത്തിലാകെ മര്ദനമേറ്റിരുന്നതായി പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പറഞ്ഞിരുന്നു. നെഞ്ചിലടക്കം ആഴത്തില് മര്ദനമേറ്റു. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമായതെന്നും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് വ്യക്തമാക്കിയിരുന്നു. സംഭവത്തില് രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ സര്ക്കാര് പ്രഖ്യാപിച്ചിരുന്നു. രാംനാരായണിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം ഛത്തീസ്ഗഡ് സര്ക്കാരും പ്രഖ്യാപിച്ചിരുന്നു.
Content Highlights: One more person has been taken into police custody in the mob lynching case reported from Walayar.