തിരുവനന്തപുരം: മേയർ പദവി നൽകാത്തതിൽ ആര് ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടെന്ന വാര്ത്ത തന്റെയോ ഡെപ്യൂട്ടി മേയറുടെയോ ശ്രദ്ധയില്പ്പെട്ടിട്ടില്ലെന്ന് തിരുവനന്തപുരം കോര്പ്പറേഷന് മേയര് വി വി രാജേഷ്. ഏതോ ഓണ്ലൈന് മാധ്യമത്തില് വാര്ത്ത വന്നു എന്ന് പറയുന്നു. താനും ഡെപ്യൂട്ടി മേയറും പല തിരക്കുകളിലാണ്. എന്താണ് കാര്യമെന്ന് അന്വേഷിച്ചിട്ട് ഇക്കാര്യത്തില് വിശദമായ മറുപടി നല്കാമെന്നും വി വി രാജേഷ് പറഞ്ഞു.
ഭരണം ലഭിച്ച ദിവസം മുതലുള്ള കോര്പ്പറേഷന്റെ കാര്യങ്ങള് വളരെ നന്നായി നടക്കുന്നുണ്ട്. എല്ലാ കൗണ്സിലര്മാരും വളരെ നന്നായി പ്രവര്ത്തിക്കുന്നവരാണ്. ഇന്നലെ സംസ്ഥാന അധ്യക്ഷനും ആര് ശ്രീലേഖയും ഉള്പ്പെടെയുള്ളവര് ചേര്ന്ന് ചര്ച്ച നടത്തിയിരുന്നു. എല്ലാ കാര്യങ്ങളും നന്നായി പോകുന്നു. ഡെപ്യൂട്ടി മേയര് വളരെ ആക്ടീവാണ്. കഴിഞ്ഞ എട്ട് ദിവസങ്ങളായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്ക്കാരിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും വി വി രാജേഷ് കൂട്ടിച്ചേര്ത്തു.
തിരുവനന്തപുരം കോര്പ്പറേഷനില് മേയറാക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില് മത്സരിച്ചതെന്ന് ആര് ശ്രീലേഖ പറഞ്ഞിരുന്നു. കൗണ്സിലറാകാന് വേണ്ടിയല്ല മത്സരിപ്പിച്ചത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അവസാനം വി വി രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയറും ആയതെന്നും ശ്രീലേഖ തുറന്നടിച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്നതായിരുന്നു ശ്രീലേഖയുടെ പരസ്യപ്രതികരണം.
തിരുവനന്തപുരം കോര്പ്പറേഷനില് ബിജെപി സംസ്ഥാന നേതൃത്വം മേയര് സ്ഥാനത്തേക്ക് ഉയര്ത്തികാണിച്ച ശ്രീലേഖയെ അവസാനനിമിഷം മാറ്റിയാണ് വി വി രാജേഷിനെ പദവിയിലേക്ക് ഉയര്ത്തിയത്. രാജേഷിനെ മേയര് ആക്കാന് ആര്എസ്എസിനെ അടക്കം ഇടപെടുത്തി വി മുരളീധര പക്ഷം നടത്തിയ നീക്കം ഫലം കാണുകയായിരുന്നു. ഒടുക്കം യമസഭാ തെരഞ്ഞെടുപ്പില് വട്ടിയൂര്ക്കാവ് മണ്ഡലത്തില് മത്സരിപ്പിക്കാമന്ന വാഗ്ദാനമാണ് നേതൃത്വം ശ്രീലേഖയ്ക്ക് നല്കിയിരിക്കുന്നത്. വട്ടിയൂര്ക്കാവില് പരാജയപ്പെട്ടാല് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷപദവി അടക്കമുള്ള സ്ഥാനങ്ങളും സംസ്ഥാന നേതൃത്വം ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച ധാരണയോട് ശ്രീലേഖ എതിപ്പറിയിച്ചിട്ടില്ല. മേയര് സ്ഥാനത്ത് പരിഗണിക്കാത്തത് സംബന്ധിച്ച് പരസ്യപ്രതികരണങ്ങള് ഒഴിവാക്കണമെന്നും സംസ്ഥാന നേതൃത്വം ശ്രീലേഖയോട് അഭ്യര്ത്ഥിച്ചിരുന്നു.
Content Highlight; V V Rajesh said he and the Deputy Mayor were busy and did not notice reports about A R Sreelekha’s dissatisfaction.