പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാൻ പറ്റില്ലല്ലോ; മേയർ ആക്കുമെന്ന ഉറപ്പിലാണ് മത്സരിച്ചത്: ആർ ശ്രീലേഖ

തന്നെ ജയിപ്പിച്ച ആളുകളുണ്ട്. അവരോട് തനിക്ക് ആത്മാര്‍ത്ഥതയും കൂറും ഉണ്ട്. അതിനാലാണ് അഞ്ച് വര്‍ഷത്തേക്ക് കൗണ്‍സിലറായി തുടരാന്‍ തീരുമാനിച്ചതെന്നും ആർ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. കൗണ്‍സിലറാകാന്‍ വേണ്ടിയല്ല മത്സരിപ്പിച്ചത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അവസാനം വി വി രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയറും ആയതെന്ന് ശ്രീലേഖ തുറന്നടിച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് ശ്രീലേഖയുടെ പരസ്യപ്രതികരണം.

'എന്നെ തെരഞ്ഞെടുപ്പിന് നിര്‍ത്തിയത് കൗണ്‍സിലറായിട്ട് മത്സരിക്കാന്‍ വേണ്ടിയിട്ടല്ല. മേയറാകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. മത്സരിക്കാന്‍ ഞാന്‍ വിസമ്മതിച്ചിരുന്നു. ഞാനായിരിക്കും തെരഞ്ഞെടുപ്പിന്റെ മുഖം എന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടയാളെന്നുമാണ് വിചാരിച്ചത്. എന്നാല്‍ കൗണ്‍സിലര്‍ ആകേണ്ട സാഹചര്യത്തില്‍ പാര്‍ട്ടി പറഞ്ഞത് അംഗീകരിച്ച് നിന്നു. അങ്ങനെതന്നെയാണ് പറഞ്ഞിരുന്നതും അത്തരമൊരു ചിത്രമാണ് എല്ലായിടത്തും കൊടുത്തിരുന്നതും. എല്ലാ പത്രങ്ങളുടെയും ചര്‍ച്ചകള്‍ക്കും എന്നെയാണ് വിട്ടുകൊണ്ടിരുന്നത്. എന്തോ കാരണങ്ങള്‍ക്കൊണ്ട് അവസാനനിമിഷം മാറി. രാജേഷിന് ഭേദപ്പെട്ട രീതിയില്‍ മേയറായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ആശയ്ക്ക് ഡെപ്യൂട്ടി മേയറായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കേന്ദ്രത്തിന് തോന്നിയതുകൊണ്ടാണ് അത്തരമൊരു തീരുമാനം വന്നതെന്നാണ് എന്റെ കണക്കുകൂട്ടല്‍', ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ എതിര്‍ത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ലെന്നും ശ്രീലേഖ തുറന്നടിച്ചു. തന്നെ ജയിപ്പിച്ച ആളുകളുണ്ട്. അവരോട് തനിക്ക് ആത്മാര്‍ത്ഥതയും കൂറും ഉണ്ട്. അതിനാലാണ് അഞ്ച് വര്‍ഷത്തേക്ക് കൗണ്‍സിലറായി തുടരാന്‍ തീരുമാനിച്ചത്. ചിലപ്പോള്‍ അത് നല്ലതിനായിരിക്കുമെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സംസ്ഥാന നേതൃത്വം മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തികാണിച്ച ശ്രീലേഖയെ അവസാനനിമിഷം മാറ്റിയാണ് വി വി രാജേഷിനെ പദവിയിലേക്ക് ഉയര്‍ത്തിയത്. രാജേഷിനെ മേയര്‍ ആക്കാന്‍ ആര്‍എസ്എസിനെ അടക്കം ഇടപെടുത്തി വി മുരളീധര പക്ഷം നടത്തിയ നീക്കം ഫലം കാണുകയായിരുന്നു. ഒടുക്കം യമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിപ്പിക്കാമന്ന വാഗ്ദാനമാണ് നേതൃത്വം ശ്രീലേഖയ്ക്ക് നല്‍കിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ പരാജയപ്പെട്ടാല്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷപദവി അടക്കമുള്ള സ്ഥാനങ്ങളും സംസ്ഥാന നേതൃത്വം ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച ധാരണയോട് ശ്രീലേഖ എതിപ്പറിയിച്ചിട്ടില്ല. മേയര്‍ സ്ഥാനത്ത് പരിഗണിക്കാത്തത് സംബന്ധിച്ച് പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും സംസ്ഥാന നേതൃത്വം ശ്രീലേഖയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Content Highlights: R Sreelekha said contested In thiruvananthapuram in the assurance of being made mayor

To advertise here,contact us