കൊച്ചി: പുനര്ജനി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിജിലന്സിന് കൈമാറിയിരുന്നുവെന്ന് മണപ്പാട്ട് ഫൗണ്ടേഷന് സിഇഒ അമീര് അഹമ്മദ്. നേരത്തേ തിരുവനന്തപുരത്തുവെച്ച് വിജിലന്സ് തന്നെ ചോദ്യം ചെയ്തിരുന്നു. അന്ന് രാവിലെ 10.30 മുതല് വൈകിട്ട് 3.30 വരെ വിജിലന്സ് തന്നെ അവിടെ പിടിച്ചുനിര്ത്തി. കുറച്ചു രേഖകള് അന്ന് കൈമാറിയിരുന്നു. അതിന് ശേഷം വിജിലന്സ് സംഘം തന്റെ വീട്ടിലും ഓഫീസിലും വന്നിരുന്നുവെന്നും അന്നും രേഖകള് കൈമാറിയെന്നും അമീര് അഹമ്മദ് പറഞ്ഞു. എല്ലാ രേഖകളും കൈമാറിയിട്ടും വിജിലന്സ് മറിച്ച് റിപ്പോര്ട്ട് നല്കിയതില് ദുരൂഹതയുണ്ടെന്നും അമീര് അഹമ്മദ് ആരോപിച്ചു.
പുനര്ജനിക്ക് വേണ്ടി രൂപീകരിച്ചതല്ല മണപ്പാട്ട് ഫൗണ്ടേഷനെന്നും അമീര് അഹമ്മദ് പറഞ്ഞു. 1993 മുതല് പ്രവര്ത്തിച്ചുവരികയാണ്. മണപ്പാട്ട് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പദ്ധതികള് സുതാര്യമാണ്. പുനര്ജനിയുമായി ബന്ധപ്പെട്ട് ഒരു ശതമാനമെങ്കിലും സുതാര്യക്കുറവുണ്ടെങ്കില് താനാണ് അതിന് ഉത്തരവാദി. 2023 ല് തന്റെ എഫ്സിആര്എ അക്കൗണ്ട് പുതുക്കിയിരുന്നു. ഫെമ ചട്ടലംഘനം ഉണ്ടെങ്കില് അക്കൗണ്ട് പുതുക്കാന് കഴിയില്ല. ഇപ്പോള് ഉയര്ന്നിരിക്കുന്ന ആരോപണങ്ങള്ക്ക് പിന്നില് രാഷ്ട്രീയമുണ്ട്. സിബിഐ വന്നാല് അന്വേഷണത്തോട് പൂര്ണമായും സഹകരിക്കും. എന്തെങ്കിലും ചെയ്യാം എന്നുകരുതി വന്നാല് നിരുത്സാഹപ്പെടുത്തുന്നതാണ് കണ്ടുവരുന്നതെന്നും ഇനി ഇത്തരം പ്രവര്ത്തനങ്ങളിലേക്ക് കടന്നുവരില്ലെന്നും അമീര് കൂട്ടിച്ചേര്ത്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് പുറമേ മണപ്പാട് ഫൗണ്ടേഷന് സിഇഒ അമീര് അഹമ്മദിനെതിരെയും വിജിലന്സ് സിബിഐ അന്വേഷണത്തിന് ശുപാര്ശ ചെയ്തിരുന്നു. പുനര്ജനിക്ക് വേണ്ടി പിരിച്ച പണത്തിന് രേഖകള് സൂക്ഷിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അമീര് അഹമ്മദിനെതിരെ വിജിലന്സ് സിബിഐ അന്വേഷണത്തിന് ശുപാര്ശ ചെയ്തത്. ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും ഫൗണ്ടേഷന്റെ രേഖകളിലെ വിവരങ്ങളും തമ്മില് പൊരുത്തക്കേടുണ്ടെന്നും വിജിലന്സ് കണ്ടെത്തിയിരുന്നു. മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടില് പണം എത്തിയത് വി ഡി സതീശന്റെ അഭ്യര്ത്ഥനപ്രകാരമാണെന്നും വിജിലന്സ് ചൂണ്ടിക്കാട്ടിയിരുന്നു.
2018ലെ മഹാപ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരില് നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് 'പുനര്ജനി, പറവൂരിന് പുതുജീവന്'. വീടുകള് നഷ്ടപ്പെട്ടവര്ക്ക് വീട് നിര്മ്മിച്ചു നല്കുക, സ്കൂളുകള് നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള് ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷന്, ഹാബിറ്റാറ്റ് ഫോര് ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്.
പദ്ധതിക്കായി വിദേശത്തുനിന്നും മറ്റും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും സാമ്പത്തിക ക്രമക്കേടുകള് നടന്നുവെന്നും ആരോപിച്ച് കാതിക്കുടം ആക്ഷന് കൗണ്സില് ഭാരവാഹി ജയ്സണ് പാനിക്കുളങ്ങരയാണ് പരാതിയുമായി വിജിലന്സിനെ സമീപിച്ചത്. വി ഡി സതീശന് പണം അഭ്യര്ത്ഥിക്കുന്ന വീഡിയോ അടക്കമായിരുന്നു ജയ്സണ് വിജിലന്സിന് പരാതി നല്കിയത്.
കേന്ദ്ര സര്ക്കാരിന്റെ മുന്കൂര് അനുമതിയില്ലാതെ വിദേശത്തുനിന്ന് (പ്രത്യേകിച്ച് ഗള്ഫ് രാജ്യങ്ങളില് നിന്ന്) പണം പിരിച്ചത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (FCRA) ലംഘനമാണെന്ന് പരാതിയില് ചൂണ്ടിക്കാട്ടിയിരുന്നു. എംഎല്എ എന്ന നിലയിലുള്ള ഔദ്യോഗിക പദവി സതീശന് ദുരുപയോഗം ചെയ്തെന്നും പരാതിയില് ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില് 2023 ല് വിജിലന്സ് അന്വേഷണം പ്രഖ്യാപിച്ചു. വിജിലന്സ് അന്വേഷണത്തില് സതീശന് യുകെയില് വിവിധ വ്യക്തികളില് നിന്ന് 19,95,880.44 രൂപ സമാഹരിച്ചതായി കണ്ടെത്തി. ഈ പണം മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായും വിജിലന്സ് കണ്ടെത്തി. വിദേശ പണമിടപാടുകള് ഉള്പ്പെട്ടതിനാല് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് ഏറ്റെടുത്തിരുന്നു.
Content Highlights- Manappad Foundation ceo ameer ahmmed against vigilance over their report on punarjani project