'പ്രതിപക്ഷനേതാവിനും പ്രതിപക്ഷത്തിനും എതിരെ വരുന്ന ഏത് ആക്രമണവും ചെറുക്കാൻ ഞാനും പ്രസ്ഥാനവും സജ്ജമായിരിക്കും'

കഴിഞ്ഞ നാലര വര്‍ഷം പ്രതിപക്ഷ നേതാവ് അതേ കസേരയില്‍ ഇരുന്നിട്ടും തോന്നാത്ത ഒരു 'അന്വേഷണ താല്‍പര്യം' ഇപ്പോള്‍ തോന്നാനുള്ള ചേതോവികാരം മലയാളിക്ക് അറിയാമെന്നും പി വി അന്‍വര്‍

മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനർജനി കേസിൽ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. മുഖ്യമന്ത്രി പ്രതിസന്ധിയിലാകുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ക്കെതിരെ കേസുകളും അന്വേഷണങ്ങളും ആരോപണങ്ങളും വരുമെന്ന് പി വി അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇടതുപക്ഷം വിട്ടതിന് ശേഷം തനിക്കെതിരെ എത്ര കേസുകളാണ് ബോധപൂര്‍വ്വം സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നും അവസാനം ഇഡിയും എത്തിയെന്നും പി വി അന്‍വര്‍ കുറിച്ചു.

'കഴിഞ്ഞ നാലര വര്‍ഷം പ്രതിപക്ഷ നേതാവ് അതേ കസേരയില്‍ ഇരുന്നിട്ടും തോന്നാത്ത ഒരു 'അന്വേഷണ താല്‍പര്യം' ഇപ്പോള്‍ തോന്നാനുള്ള ചേതോവികാരം മലയാളിക്ക് അറിയാം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിപക്ഷം എന്ന പ്രതിയോഗിയെ മുഖ്യമന്ത്രി ജനങ്ങളിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നു. പ്രതിപക്ഷ നേതാവിനെതിരെ പടയൊരുക്കുന്നത് പ്രതിപക്ഷത്തിന് എതിരെയാണ് എന്ന് തിരിച്ചറിയാന്‍ സാമാന്യബുദ്ധി മതി. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ സമീപകാലത്ത് ഉണ്ടായ അന്വേഷണങ്ങളും, അവയുടെ പുരോഗതിയും അറിയാന്‍ കേരള ജനതയ്ക്ക് താല്‍പര്യമുണ്ട് എന്ന കാര്യം ഈ അവസരത്തില്‍ സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തട്ടെ', പി വി അന്‍വര്‍ കുറിച്ചു.

പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും എതിരെ വരുന്ന ഏത് ആക്രമണങ്ങളെയും നേരിടാനും ചെറുത്തുതോല്‍പ്പിക്കാനും താനും തന്റെ പ്രസ്ഥാനവും സദാസമയവും സജ്ജമായിരിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. ജനങ്ങളിലേക്ക് കുറുക്കുവഴികളില്ല എന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. പിണറായിസവും വെള്ളാപ്പള്ളിയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ മഹത്തായ ഉപദേശങ്ങളും അഭംഗുരം തുടരട്ടെയെന്നും 2026 നിയമസഭാ തെരഞ്ഞെടുപ്പ് വാട്ടര്‍ ലൂ ആയി പരിണമിക്കുന്നത് കാത്തിരുന്ന് കാണാമെന്നും പി വി അന്‍വര്‍ കുറിച്ചു.

വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. വി ഡി സതീശന്‍ വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. വിദേശ ഫണ്ട് പിരിവ് കേന്ദ്ര നിയമത്തിന്റെ ലംഘനമാണെന്നും വിജിലന്‍സ് പറയുന്നു. സ്വകാര്യ സന്ദര്‍ശനത്തിന് കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങിയാണ് സതീശന്‍ വിദേശത്തേയ്ക്ക് പോയത്. അത്തരത്തില്‍ വിദേശത്ത് പോയി ഫണ്ട് സ്വരൂപിക്കുകയും കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് നിയമലംഘനമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സ് പറയുന്നു.

2018ലെ മഹാപ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് 'പുനര്‍ജനി, പറവൂരിന് പുതുജീവന്‍'. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, സ്‌കൂളുകള്‍ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രി പ്രതിസന്ധിയിലാകുമ്പോള്‍ 'അദ്ദേഹത്തിന്റെ' പ്രതിയോഗികള്‍ക്കെതിരെ കേസുകളും അന്വേഷണങ്ങളും ആരോപണങ്ങളും വരും എന്ന് എനിക്കറിയാത്തതാണോ. ഒരുതരത്തില്‍ കേരളത്തില്‍ ഇക്കാര്യം അറിയുന്ന ആളുകളില്‍ മുന്‍പന്തിയില്‍ അല്ലേ എന്റെ സ്ഥാനം. ഇടതുപക്ഷം വിട്ടതിനു ശേഷം എനിക്കെതിരെ എത്ര കേസുകളാണ് ബോധപൂര്‍വ്വം സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അവസാനം ഇഡിയും എത്തി.

വിജിലന്‍സിനെ കൊണ്ട് കേസെടുപ്പിച്ച് ഇഡിക്ക് കൈമാറുകയായിരുന്നു. എന്തൊരു ബുദ്ധിയാണ്! ഒമ്പതര കോടി രൂപ ലോണെടുത്ത് അതിലേക്ക് അഞ്ചു കോടി 75 ലക്ഷം രൂപ തിരിച്ചടച്ചതിന് ശേഷം സമീപകാലത്ത് അടവുകള്‍ മുടങ്ങിയപ്പോഴാണ് ഈ ചെയ്തി എന്നോര്‍ക്കണം. കേരളത്തില്‍ ലോണെടുത്ത് അടവുകള്‍ മുടങ്ങുന്നവര്‍ക്കെതിരെ മുഴുവന്‍ വിജിലന്‍സ് കേസെടുത്ത് ഇഡിക്ക് കൈമാറുന്ന അവസ്ഥ ഒന്ന് ഓര്‍ത്തുനോക്കൂ …!

കഴിഞ്ഞ നാലര വര്‍ഷം പ്രതിപക്ഷ നേതാവ് അതേ കസേരയില്‍ ഇരുന്നിട്ടും തോന്നാത്ത ഒരു 'അന്വേഷണ താല്‍പര്യം' ഇപ്പോള്‍ തോന്നാനുള്ള ചേതോവികാരം മലയാളിക്ക് അറിയാം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിപക്ഷം എന്ന പ്രതിയോഗിയെ മുഖ്യമന്ത്രി ജനങ്ങളിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നു.

ബഹു. പ്രതിപക്ഷ നേതാവിനെതിരെ പടയൊരുക്കുന്നത് പ്രതിപക്ഷത്തിന് എതിരെയാണ് എന്ന് തിരിച്ചറിയാന്‍ സാമാന്യബുദ്ധി മതി. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ സമീപകാലത്ത് ഉണ്ടായ അന്വേഷണങ്ങളും, അവയുടെ പുരോഗതിയും അറിയാന്‍ കേരള ജനതയ്ക്ക് താല്‍പര്യമുണ്ട് എന്ന കാര്യം ഈ അവസരത്തില്‍ സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തട്ടെ.

രാഷ്ട്രീയമായ പോരാട്ടങ്ങള്‍, മത്സരങ്ങള്‍ അവയിലെ ജയവും പരാജയവും എല്ലാം തീര്‍ത്തും ആശയപരമായിരിക്കണം. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന സമീപനത്തില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷത്തിനെതിരെ വൈരാഗ്യ ബുദ്ധിയോടെയും വ്യക്തി താല്‍പര്യങ്ങള്‍ക്ക് അനുസൃതമായും ഉള്ള നീക്കങ്ങളെ കേരളത്തിലെ ജനാധിപത്യ സമൂഹം വിലയിരുത്തും. അതിന് തത്തുല്യമായ തിരിച്ചടിയും വരുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടി വരും.

പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും എതിരെ വരുന്ന ഏത് ആക്രമണങ്ങളെയും നേരിടാനും ചെറുത്തുതോല്‍പ്പിക്കാനും, ഞാനും എന്റെ പ്രസ്ഥാനവും സദാസമയവും സജ്ജമായിരിക്കും എന്നതാണ് ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളത്. രാജാവ് പ്രതിസന്ധിയിലാകുമ്പോള്‍ അതിര്‍ത്തിയില്‍ യുദ്ധങ്ങള്‍ ഉണ്ടാകും എന്നത് കണക്കെ, ഈ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആകുമ്പോള്‍ വാര്‍ത്തകളും കേസുകളും ആരോപണങ്ങളും പ്രതിപക്ഷത്തിനെതിരെ ഇനിയും ഉണ്ടാകും എന്ന് തിരിച്ചറിയാന്‍ വിവേകമുള്ള സമൂഹമാണ് കേരളം.

ജനങ്ങളിലേക്ക് കുറുക്കുവഴികളില്ല എന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പിണറായിസവും വെള്ളാപ്പള്ളിയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ മഹത്തായ ഉപദേശങ്ങളും അഭംഗുരം തുടരട്ടെ. 2026 നിയമസഭാ തെരഞ്ഞെടുപ്പ് വാട്ടര്‍ ലൂ ആയി പരിണമിക്കുന്നത് നമുക്ക് കാത്തിരുന്നു കാണാം.

Content Highlights: PV Anvar raised criticism against the CBI investigation in the Punarjani case linked to VD Satheesan.

To advertise here,contact us