നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെ കളത്തിലിറക്കാൻ BJP; കാഞ്ഞിരപ്പളളിയിൽ നിന്ന് ജനവിധി തേടും

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ച മണ്ഡലമാണ് കാഞ്ഞിരപ്പളളി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കോട്ടയം ജില്ലയിലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പളളിയില്‍ കേന്ദ്രമന്ത്രിയെ കളത്തിലിറക്കി വിജയം ഉറപ്പുവരുത്താനാണ് നീക്കം. ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് എന്‍ ഹരി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവരും പരിഗണനയിലുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ച മണ്ഡലമാണ് കാഞ്ഞിരപ്പളളി.

ബിജെപിക്ക് വിജയസാധ്യതയുളള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്ന് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്നാണ് വിവരം. പതിനഞ്ചോളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് തീരുമാനിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍ കൃഷ്ണകുമാറിനും കരമന ജയനുമാണ് സാധ്യത. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖയും മത്സരിച്ചേക്കും. തിരുവല്ലയില്‍ അനൂപ് ആന്റണിയും പാലായില്‍ ഷോണ്‍ ജോര്‍ജും മത്സരിക്കാനാണ് സാധ്യത.

ശോഭാ സുരേന്ദ്രന്‍ അരൂരിലോ കായംകുളത്തോ മത്സരിച്ചേക്കും. എം ടി രമേശ് തൃശൂരില്‍ നിന്നോ കോഴിക്കോട് നിന്നോ ആയിരിക്കും ജനവിധി തേടുക. ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെ പേര് ആറ്റിങ്ങലില്‍ പരിഗണനയിലുണ്ട്. കാട്ടാക്കട, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ വെച്ചുമാറിയേക്കും. ഇന്ന് ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കും. കോര്‍പ്പറേഷന്‍ വിജയം ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്താനാണ് ബിജെപിയില്‍ ധാരണ.

Content Highlights: Union Minister George Kurien to contest assembly elections; will contest from Kanjirapally

To advertise here,contact us