ഇടതുമുന്നണി വിടണമെന്ന് RJDയിലെ ഒരു വിഭാഗം; LDFൽനിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് ശ്രേയാംസ് കുമാർ

ആവശ്യമുന്നയിച്ചത് നാല് ജില്ലാ കമ്മിറ്റികൾ

തിരുവനന്തപുരം: ഇടതുമുന്നണി വിടണമെന്ന ആവശ്യവുമായി ആർജെഡിയിലെ ഒരു വിഭാഗം. പാർട്ടി യോഗത്തിൽ നാല് ജില്ലാ കമ്മിറ്റികൾ മുന്നണി വിടണമെന്ന ആവശ്യം ഉന്നയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ കമ്മിറ്റികളാണ് യുഡിഎഫിലേക്ക് പോകണമെന്ന നിലപാട് എടുത്തത്.

സംസ്ഥാന സെക്രട്ടറിമാരായ എൻ കെ വത്സൻ, യൂജിൻ മൊറോളി എന്നിവരും മുന്നണിമാറ്റം ആവശ്യപ്പെട്ടുവെന്നാണ് സൂചന. എല്ലാവരും ആർജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്‌കുമാറിനെ പിന്തുണക്കുന്നവരാണ്. എന്നാൽ മുന്നണി മാറ്റം എന്ന ആവശ്യത്തിന് യോഗത്തിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ല.

നീലലോഹിതദാസൻ നാടാർ, കെ പി മോഹനൻ, സലീം മടവൂർ, മനയത്ത് ചന്ദ്രൻ, സബാഹ് പുൽപ്പറ്റ തുടങ്ങിയ സംസ്ഥാന നേതാക്കൾ എതിർപ്പ് അറിയിച്ചതായാണ് വിവരം. ഈ സമയത്തെ മുന്നണി മാറ്റം വലിയതോതിൽ പാർട്ടിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള നടപടിയാകുമെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. എന്നാൽ ഇവിടെ നിന്നാൽ കാര്യമായിട്ടൊന്നും പ്രതീക്ഷിക്കണ്ട എന്ന നിലപാടാണ് എം വി ശ്രേയാംസ് കുമാർ യോഗത്തിലെടുത്തതെന്നാണ് വിവരം.

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായി സിപിഐഎം കാലുവാരിയെന്ന വികാരം പാർട്ടിക്കുള്ളിലുണ്ടെന്ന് ശ്രേയാംസ്‌ കുമാർ ആരോപിച്ചിരുന്നു. കോഴിക്കോട് കോർപ്പറേഷനിലടക്കം ആർജെഡിക്ക് കൗൺസിലർ ഇല്ലാത്ത സാഹചര്യം ആദ്യമായാണെന്നും എൽഡിഎഫിൽനിന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മുന്നണി വിടില്ലെന്ന് തന്നെയാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എൽഡിഎഫിൽ ആർജെഡിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് നേരത്തെയും ശ്രേയാംസ് കുമാർ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പാർട്ടിക്കുള്ളിൽ ഇടത് മുന്നണി വിടണമെന്ന ആവശ്യം ശക്തമാകുന്നത്.

Content Highlights:‌ group pf leaders in RJD demands to leave the LDF

To advertise here,contact us