'കുട്ടിക്കും എനിക്കും സൗന്ദര്യമില്ലെന്ന് പറഞ്ഞു'; അകാരണമായി തലാഖ് ചൊല്ലി, ഭർതൃ വീട്ടിൽ യുവതിയുടെ പ്രതിഷേധം

തനിക്ക് സ്വര്‍ണം തിരിച്ച് നല്‍കിയാല്‍ മാത്രമേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളൂവെന്ന് യുവതി

കോഴിക്കോട്: അകാരണമായി തലാഖ് ചൊല്ലിയെന്ന് ആരോപിച്ച് ഭര്‍തൃ വീട്ടില്‍ യുവതിയുടെ പ്രതിഷേധം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് പരുത്തിപ്പാറയില്‍ വീട്ടിലെത്തിയ യുവതിയെയും കുഞ്ഞിനെയും പുറത്താക്കി വാതില്‍ പൂട്ടി ഭര്‍തൃവീട്ടുകാര്‍ സ്ഥലം വിട്ടു. കഴിഞ്ഞ ഒരാഴ്ച്ചയായി പ്രതികൂല കാലാവസ്ഥയില്‍ വീടിന് പുറത്ത് കഴിയുകയാണ് ചേളാരി സ്വദേശിനിയായ ഹസീനയും കുഞ്ഞും. തനിക്ക് സ്വര്‍ണം തിരിച്ച് നല്‍കിയാല്‍ മാത്രമേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളൂവെന്ന് യുവതി പറഞ്ഞു.

'എനിക്കും കുട്ടിക്കും സൗന്ദര്യമില്ലെന്ന് പറഞ്ഞു. കുട്ടി അയാളുടേതല്ലെന്നും പറഞ്ഞു. 42 പവന്‍ കിട്ടാനുണ്ട്. ഒന്നുകിലത് തരിക, അല്ലെങ്കിലെന്നെ സ്വീകരിക്കുക. എന്റെ സ്വര്‍ണത്തിനും വിലയില്ല, ജീവിതത്തിനും വിലയില്ല. പൊലീസ് വിളിച്ചിട്ടും അവര്‍ വരുന്നില്ല. അയാള്‍ വേറെ കല്യാണം കഴിച്ചു', യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

വി പി സുഹറ അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി യുവതിയെ സന്ദര്‍ശിച്ചു. എന്നാല്‍ വീട് തുറന്ന് കൊടുക്കാന്‍ ഇതുവരെയും ഭര്‍ത്താവും ബന്ധുക്കളും തയ്യാറായിട്ടില്ല. ഇനി വാതില്‍ ചവിട്ടി പൊളിക്കലേ വഴിയുള്ളൂവെന്ന് വി പി സുഹറ പറഞ്ഞു. 'കേസെടുത്തോട്ടെ. ഏകപക്ഷീയമായ വിവാഹ മോചനം നടക്കുകയാണ്. ഇവരുടെ ഭര്‍ത്താവിനെ വിളിച്ചിട്ട് എടുക്കുന്നില്ല. പള്ളിക്കമ്മറ്റിയില്‍ വിളിച്ചപ്പോള്‍ പറഞ്ഞത് കത്തുതരാനാണ്', വി പി സുഹറ കൂട്ടിച്ചേർത്തു.

Content Highlights: woman and child denied entry to husband's house at feroke

To advertise here,contact us