വെള്ളാപ്പള്ളി വർഗീയവാദിയല്ല, എന്നാൽ എല്ലാ നിലപാടുകളെയും അംഗീകരിക്കില്ല; തള്ളാതെയും കൊള്ളാതെയും എം വി ഗോവിന്ദൻ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സാധിക്കുന്നില്ല എന്ന വെള്ളാപ്പള്ളിയുടെ പരിഭവത്തിനും ഗോവിന്ദൻ മറുപടി നൽകി

കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെ തള്ളാതെയും കൊള്ളാതെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ സ്വഭാവം പാർട്ടി അംഗീകരിക്കുമെന്നും എന്നാൽ അംഗീകരിക്കാൻ സാധിക്കാത്തത് അംഗീകരിക്കില്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവാണെന്നും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവാണെന്നും ഗോവിന്ദൻ പുകഴ്ത്തി. പിന്നാലെയാണ് എല്ലാ നിലപാടുകളെയും അംഗീകരിക്കാൻ സാധിക്കില്ല എന്ന് ഗോവിന്ദൻ കൂട്ടിച്ചേർത്തത്.

മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സാധിക്കുന്നില്ല എന്ന വെള്ളാപ്പള്ളിയുടെ പരിഭവത്തിനും ഗോവിന്ദൻ മറുപടി നൽകി. പ്രശ്നം സർക്കാരുമായി കൈകാര്യം ചെയ്യേണ്ടതാണ് എന്നും പാർട്ടി അതിൽ ഇടപെടേണ്ടതില്ല എന്നുമാണ് ഗോവിന്ദൻ പറഞ്ഞത്. സ്ഥാപനം തുടങ്ങാൻ സ്ഥലമുണ്ടെന്നും അനുമതി ലഭിക്കാത്തതാണ് പ്രശ്നം എന്നുമായിരുന്നു വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത്. ഇതിന് പിന്നാലെ റിപ്പോർട്ടർ ടിവിയുടെ മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിൽ പ്രകോപിതനായി അദ്ദേഹം മൈക്ക് തട്ടിമാറ്റിയിരുന്നു.

വെള്ളാപ്പള്ളി വിവാദം കനത്തുനിൽക്കേ, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ബിനോയ് വിശ്വത്തിന് മറുപടിയായാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. താൻ വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ല എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഇതിനോട് ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയനെന്ന് പറഞ്ഞ മുഖ്യമന്ത്രി, താൻ സ്വീകരിച്ചത് തന്‍റെ നിലപാടാണെന്നും അത് ശരിയാണെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം, സിപിഐയെ വിമർശിച്ചും സിപിഐഎമ്മിനെ പുകഴ്ത്തിയും വെള്ളാപ്പള്ളി നടേശന്റെ 'യോഗനാദ'ത്തിൽ ഇന്ന് ലേഖനമെഴുതിയിരുന്നു. ഈഴവ പിന്നാക്ക വിഭാഗങ്ങളാണ് ഇടത് പാർട്ടികളുടെ നട്ടെല്ലെന്നും ഇത് അറിയുന്നതുകൊണ്ടാണ് സിപിഐഎം അർഹമായ പരിഗണന നൽകുന്നത്. സിപിഐയുടെ നവ നേതാക്കൾക്ക് ഇപ്പോൾ ആ ബോധ്യമില്ലെന്നും വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് യാദൃശ്ചികമായാണ്. അപരാധമെന്ന് പറയുന്നവരുടെ ഉദ്ദേശശുദ്ധി അറിയാമെന്നും 'തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിന്റെ പേരിലുള്ള അപഹാസ്യ ചർച്ചകൾ നാട്ടിൽ ഇന്നും നിലനിൽക്കുന്ന അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും വൃത്തികെട്ട മുഖമാണ് വെളിച്ചത്തു കൊണ്ടുവന്നത്. സ്വാതന്ത്ര്യം കിട്ടി 78 വർഷം കഴിഞ്ഞിട്ടും പിന്നാക്ക, അധഃസ്ഥിതസമുഹത്തോടുള്ള അസഹിഷ്ണുത തുടരുന്നുണ്ട് എന്നതിലെ തെളിവാണ് ഇത്തരം ചർച്ചകളെന്നും ലേഖനത്തിൽ പറയുന്നു.

Content Highlights: MV Govindan not dares to touch vellapally natesan

To advertise here,contact us