കരഞ്ഞ് മൂലയ്ക്ക് ഇരിക്കുന്ന ഒരുത്തിയല്ല ഞാന്‍, പാര്‍ട്ടിക്കൊപ്പം കാണും; പ്രതികരിച്ച് മായാ വി

ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം

കരഞ്ഞ് മൂലയ്ക്ക് ഇരിക്കുന്ന ഒരുത്തിയല്ല ഞാന്‍, പാര്‍ട്ടിക്കൊപ്പം കാണും; പ്രതികരിച്ച് മായാ വി
dot image

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി കൂത്താട്ടുകുളം നഗരസഭയിലെ 26-ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മായാ വി. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം. കണ്ണുനിറഞ്ഞെത്തുന്ന മായയെയാണ് വീഡിയോയില്‍ ആദ്യം കാണാനാവുന്നത്. ഒരുഘട്ടത്തില്‍ പൊട്ടിക്കരയുന്നതും കാണാം.

സ്വതന്ത്രയായോ വേറെ ഏതെങ്കിലും പാര്‍ട്ടിയിലോ നിന്നിരുന്നുവെങ്കിലോ ജയിക്കുമായിരുന്നുവെന്ന് പറയുന്ന മായ, തനിക്ക് മെസേജ് അയക്കുന്നവരോടും കമന്റ് ചെയ്യുന്നവരോടും ദേഷ്യത്തില്‍ എന്തൊക്കെയോ പറഞ്ഞിട്ടുണ്ടെന്നും ക്ഷമിക്കണമെന്നും പറയുന്നുണ്ട്.

എന്നാല്‍ പിന്നീടാണ് ട്വിസ്റ്റ്. താന്‍ ഇങ്ങനെയൊക്കെ കരഞ്ഞ് ക്ഷമാപണം നടത്തുമെന്നാണ് കരുതുന്നതെങ്കിലത് തെറ്റാണെന്ന് മായ പറയുന്നു.

'ഞാന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് നിന്നത്. ആ പാര്‍ട്ടി എന്റെ കൂടെ തന്നെ കാണും, ഞാനതില്‍ നിന്ന് മാറില്ല. ഇപ്പോള്‍ ഞാനീ വീഡിയോയുമായി വന്നത്, കമന്റ് ബോക്‌സില്‍ കുറേ ചേട്ടന്മാര്‍ വന്ന് നിനക്കൊന്ന് പൊട്ടിക്കരഞ്ഞൂടെ എന്നൊക്കെ ചോദിക്കുന്നുണ്ട്. അങ്ങനെ കരഞ്ഞൊരു മൂലയ്ക്ക് ഇരിക്കുന്നവളല്ല ഞാന്‍', മായ പറയുന്നു.

'ഞാന്‍ മറ്റുള്ളവരെയെല്ലാം ബഹുമാനിക്കുന്ന ഒരാളാണ്. പക്ഷേ ഇതൊന്നും അറിയാതെ. ചില ചേട്ടന്മാര്‍ പറയുന്നു… അടിമ എന്നൊക്കെ. ഞാന്‍ അടിമയല്ല. അടിമ ആയിരുന്നെങ്കില്‍ ഞാന്‍ നിങ്ങള്‍ പറയുമ്പോള്‍ കുമ്പിട്ട് തല കുനിച്ചു നില്‍ക്കുമായിരുന്നു. ഞാന്‍ അടിമയല്ല ഞാന്‍ തലയുയര്‍ത്തി നില്‍ക്കും', മായ കൂട്ടിച്ചേര്‍ത്തു.

സ്വന്തം പേരുകൊണ്ട് ശ്രദ്ധേയ ആയ സ്ഥാനാര്‍ത്ഥിയായിരുന്നു മായാ വി. മായാ വി എന്ന പേര് തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിറഞ്ഞതോടെ ട്രോളും തമാശകളും സമൂഹമാധ്യമത്തില്‍ വ്യാപകമായിരുന്നു. ഈ ട്രോളുകളെല്ലാം മായാ വി തന്നെ പുഞ്ചിരിയോടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

ടി വി ഷോയായ 'ഒരു ചിരി ഇരുചിരി ബംബര്‍ ചിരി' എന്ന പരിപാടിയിലൂടെയാണ് മായ ശ്രദ്ധേയയായത്. അമ്മയുടെ പേരായ വാസന്തിയുടെ ആദ്യ അക്ഷരം 'വി' മായ തന്റെ പേരിനോട് ചേര്‍ത്തിരുന്നു. അങ്ങനെ 'മായാ വി' എന്നാക്കിയ പേരിനെ പ്രശസ്ത കോമിക് കഥാപാത്രമായ 'മായാവി'യോട് ഉപമിച്ച് നിരവധി ട്രോളുകള്‍ വന്നിരുന്നു. മമ്മൂട്ടി നായകനായെത്തിയ മായാവി സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളും ഉപയോഗിച്ചുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.

Content Highlights: Maya V LDF candidate from Koothattukulam responds to cyber attacks

dot image
To advertise here,contact us
dot image