തൃശ്ശൂര്: വടക്കാഞ്ചേരി കോഴ ആരോപണം തള്ളി സിപിഐഎം തൃശ്ശൂര് ജില്ലാ സെക്രട്ടറി കെ വി അബ്ദുള് ഖാദര്. ആരെയും ചാക്കിട്ട് പിടിക്കില്ലെന്നും കോണ്ഗ്രസ് മുഖം രക്ഷിക്കാനായി ഉപയോഗിച്ച തന്ത്രം മാത്രമാണ് ആരോപണമെന്നും കെ വി അബ്ദുള് ഖാദര് പറഞ്ഞു. കോണ്ഗ്രസും ബിജെപിയും പരസ്പര സഹായത്തോടെ പ്രവര്ത്തിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്ക്ക് മറുപടിയില്ലാത്തതിനാല് സിപിഐഎമ്മിനെതിരെ പ്രചാരണം നടത്തുന്നുകയാണെന്നും കെ വി അബ്ദുള് ഖാദര് വ്യക്തമാക്കി.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തില് ഇപ്പോള് നടക്കുന്ന പ്രചാരണങ്ങള് വാസ്തവ വിരുദ്ധമാണ്. യുഡിഎഫിന്റെ അംഗം എന്തുകൊണ്ട് വോട്ട് മാറ്റി ചെയ്തു എന്നത് അവര് പരിശോധിക്കേണ്ട കാര്യമാണ്. അത് അവരുടെ രാഷ്ട്രീയ വീഴ്ച്ചയാണെന്നും കെ വി അബ്ദുള് ഖാദര് പറഞ്ഞു.
'ചൊവ്വന്നൂരിലും മറ്റത്തൂരിലും സംഭവിച്ചതെന്താണ്? സ്വന്തം പാര്ട്ടിയുടെ നിലപാട് പരസ്യമായി തെരുവില് അലക്കപ്പെടുമ്പോള് അതില് നിന്ന് ജങ്ങളെ വഴിതിരിച്ച് വിടാനുള്ള ശ്രമം മാത്രമാണ് വടക്കാഞ്ചേരി കോഴ ആരോപണത്തിന് പിന്നില്. പാര്ട്ടിയുടെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള കുതിരക്കച്ചവടവും ഉണ്ടായിട്ടില്ല. സ്ഥാനം നേടാന് ജില്ലയില് ഒരിടത്തും ഇടതുപക്ഷ നിലപാടില് മാറ്റം വരുത്തിയിട്ടില്ല. സിപിഐഎം സ്ഥാനാര്ത്ഥിക്ക് വോട്ട് ചെയ്തത സംഭവത്തില് വിശദീകരണം നല്കേണ്ടത് ജാഫറാണ്. സംഭവത്തില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല' എന്നും കെ വി അബ്ദുള് ഖാദര് കൂട്ടിച്ചേര്ത്തു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില് കൂറുമാറി എല്ഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ഫോണ് സംഭാഷണം പുറത്തുവന്നിരുന്നു. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില് നിന്ന് വിജയിച്ച ഇ യു ജാഫര് കോണ്ഗ്രസ് നേതാവായ എ എ മുസ്തഫയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു ഇരുവരും ഇക്കാര്യങ്ങൾ സംസാരിച്ചത്.
15 വര്ഷങ്ങളായി എല്ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തായ വടക്കാഞ്ചേരിയില് ഭരണം നഷ്ടപ്പെടാതിരിക്കാനാണ് സിപിഐഎം ജാഫറിനെ പണം നല്കി സ്വാധീനിച്ചത് എന്നാണ് കോണ്ഗ്രസ് ആരോപണം. പാര്ട്ടിക്കൊപ്പം നിന്നാല് ഒന്നുകില് പ്രസിഡന്റ് സ്ഥാനം നല്കാം അല്ലെങ്കില് 50 ലക്ഷം രൂപ നല്കാമെന്നായിരുന്നു സിപിഐഎമ്മിന്റെ വാഗ്ദാം. പിന്നാലെ പണം വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ജാഫര് സിപിഐഎമ്മിനെ അറിയിക്കുകയായിരുന്നു. സംഭവത്തില് പരാതി ലഭിച്ചതിനെ തുടര്ന്ന് വിജിലന്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോണ്ഗ്രസ് നേതാവ് അനിൽ അക്കരയാണ് പരാതി നൽകിയത്.
Content Highlight; CPIM Thrissur District Secretary KV Abdul Khader responds to the Vadakkancherry bribery allegations