ആലപ്പുഴ: റിപ്പോര്ട്ടര് ടിവി മാധ്യമപ്രവര്ത്തകന് റഹീസ് റഷീദിനെ അധിക്ഷേപിച്ച എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഡിവൈഎഫ്ഐ. വെള്ളാപ്പള്ളി വിദ്വേഷ പരാമര്ശം തിരുത്തണമെന്നും ഇത്തരം പരാമര്ശങ്ങള് ശ്രീനാരായണ ധര്മ്മത്തിന് വിരുദ്ധമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചു.
'മാധ്യമപ്രവര്ത്തകന് റഹീസ് റഷീദിനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാര്ഹമാണ്. ഇത്തരം പരാമര്ശങ്ങള് നടത്തുന്നത് ശ്രീ നാരായണ ധര്മത്തിന് വിരുദ്ധമാണ്.മത-ജാതി ഭിന്നതകള് ഉണ്ടാക്കി നാടിനെ കീഴ്പ്പെടുത്താന്നുള്ള സംഘപരിവാര് - ജമാഅത്തെ ഇസ്ലാമി പരിശ്രമങ്ങള്ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ശക്തമായ പോരാട്ടവും ആശയ സമരവുമാണ് കാലം ആവശ്യപ്പെടുന്നത്. അത്തരം പരിശ്രമങ്ങളെ വിഫലമാക്കുന്ന ഇടപെടലുകള് ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന് പാടില്ല. ഏത് തരം വര്ഗ്ഗീയ രാഷ്ട്രീയത്തെയും തുറന്നെതിര്ക്കേണ്ട കാലത്ത് രാഷ്ട്രീയ ഭിന്നതകള്ക്കും അഭിപ്രായ ഭിന്നതകള്ക്കുമുള്ള മറുപടി വര്ഗ്ഗീയ ചാപ്പകളല്ല എന്ന് സമൂഹം തിരിച്ചറിയേണ്ട കാലം കൂടിയാണിത്.വെള്ളാപ്പള്ളി നടേശന് ഇത്തരം പ്രസ്ഥാവനകള് തിരുത്തണം', ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
റിപ്പോര്ട്ടര് ടി വി മാധ്യമ പ്രവര്ത്തകന് റഹീസ് റഷീദിനെ തീവ്രവാദി എന്ന് വിളിച്ച വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപ പരാമർശം വലിയ വിവാദമാവുകയാണ്. റഹീസിനെ തനിക്ക് അറിയാമെന്നും അയാള് മുസ്ലിങ്ങളുടെ വലിയ വക്താവാണെന്നുമായിരുന്നു അധിക്ഷേപം. ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്. അയാള് തീവ്രവാദിയാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Content Highlights: DYFI against Vellappally Natesan