കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്ന് വീണുണ്ടായ അപകടം; രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ്

വേദിയില്‍ നിന്ന് 15 അടി താഴ്ചയിലേക്ക് വീണ എംഎല്‍എയുടെ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും പരിക്കേറ്റിരുന്നു

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്നും വീണ് പരിക്കേറ്റ സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ് എംഎല്‍എ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായി തുടര്‍നടപടി സ്വീകരിക്കുമെന്ന് വക്കീല്‍നോട്ടീസിലൂടെ അറിയിച്ചു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെയായിരുന്നു ഗാലറിയില്‍ നിന്നും ഉമാതോമസ് എംഎല്‍എ വീണത്.

വേദിയില്‍ നിന്ന് 15 അടി താഴ്ചയിലേക്ക് വീണ എംഎല്‍എയുടെ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും പരിക്കേറ്റിരുന്നു. മൃദംഗവിഷന്‍ ആന്‍ഡ് ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റായിരുന്നു പരിപാടിയുടെ സംഘാടകര്‍. ഒന്‍പത് ലക്ഷം രൂപ വാടകയ്ക്കായിരുന്നു സ്റ്റേഡിയം നൃത്തപരിപാടിക്കായി നല്‍കിയത്. സംഘാടകരുടെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിയം പരിപാടിക്കായി നല്‍കിയതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.

സ്റ്റേഡിയം വാടകയ്ക്ക് നല്‍കുമ്പോള്‍ അവിടെ എത്തുന്നവര്‍ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പാക്കാന്‍ ജിസിഡിഎയ്ക്ക് ബാധ്യതയുണ്ടെന്നും എന്തിനുവേണ്ടിയാണോ സ്റ്റേഡിയം ഉപയോഗിക്കേണ്ടത്, അത്തരം ആവശ്യങ്ങള്‍ക്കേ നല്‍കാവൂ എന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. അരലക്ഷത്തോളം ആളുകള്‍ ഒത്തുകൂടിയ പരിപാടിയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച ഉണ്ടായി. ജിസിഡിഎയുടെ അറിവോടെയാണ് സ്റ്റേഡിയം സംഘാടകര്‍ നിയമവിരുദ്ധമായി ഉപയോഗിച്ചത് എന്നേ കരുതാനാകൂ. ഇതാണ് തന്റെ അപകടത്തിനും അതിലൂടെ തൃക്കാക്കര നിയമസഭാമണ്ഡലത്തിലെ ജനങ്ങള്‍ക്കടക്കം നഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കിയതും. അതിനാല്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

Content Highlights: Uma Thomas demands Rs 2 crore compensation over Kaloor Stadium accident

To advertise here,contact us