തേങ്കുറിശ്ശി ദുരഭിമാനക്കൊല; ഹരിതയെ ഭീഷണിപ്പെടുത്തി സുരേഷ് കുമാര്‍; പരോളിലിറങ്ങി നാലാം ദിനം ജയിലിലേക്ക്

പരാതിയില്‍ കുഴല്‍മന്ദം പൊലീസ് കേസെടുക്കുകയും പിന്നാലെ പരോള്‍ റദ്ദാക്കുകയുമായിരുന്നു

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ് പ്രതി പരോളിലിറങ്ങി നാലാം ദിവസം വീണ്ടും ജയിലില്‍. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സുരേഷ് കുമാര്‍ (45) ആണ് പുറത്തിറങ്ങി നാല് ദിവസം മുമ്പ് ജയിലിലായത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 20 ദിവസത്തെ പരോളില്‍ 24 ന് നാട്ടിലെത്തിയപ്പോഴായിരുന്നു ഭീഷണി. ഹരിതയുടെ പരാതിയില്‍ കുഴല്‍മന്ദം പൊലീസ് കേസെടുക്കുകയും പിന്നാലെ പരോള്‍ റദ്ദാക്കുകയുമായിരുന്നു.

ഇതരജാതിയില്‍പ്പെട്ട ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചതിലെ വൈരാഗ്യത്തില്‍ ഹരിതയുടെ പിതാവ് പ്രഭുകുമാറും അമ്മാവന്‍ സുരേഷ് കുമാറും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. വിവാഹത്തിന്റെ 88ാം ദിവസമായിരുന്നു കൊല. വിവാഹശേഷം പലപ്പോഴായി അനീഷിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് 90 ദിവസത്തിന് മുന്‍പ് താലിയറുക്കുമെന്ന് പ്രഭുകുമാര്‍ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. 2020 ലെ ക്രിസ്മസ് ദിനത്തിലായിരുന്നു കൊല.

ഇരുവര്‍ക്കും പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ വിധിയില്‍ അനീഷിന്റെ കുടുംബം തൃപ്തരായിരുന്നില്ല.

Content Highlights: Thenkurissi Case accussed suresh kumar jailed during parole for theat haritha

To advertise here,contact us