തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില് (എസ്ഐടി) സിപിഐഎം ബന്ധമുള്ള രണ്ട് സി ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. നിയമനത്തിന് പിന്നില് മുതിര്ന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഹൈക്കോടതി മേല്നോട്ടത്തിലുള്ള എസ്ഐടിയില് നുഴഞ്ഞ് കയറാനും വാര്ത്തകള് സര്ക്കാരിലേക്ക് ചോര്ത്താനുമുള്ള നീക്കമാണിതെന്നും വി ഡി സതീശന് പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു.
'എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഐഎം ഫ്രാക്ഷനില് ഉള്പ്പെട്ടവരെ എസ്ഐടിയില് നിയോഗിച്ചത്? ഹൈക്കോടതിയുടെ മുന്നില് വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. ഈ പേരുകള് വന്നതിന് പിന്നില് സംസ്ഥാനത്തെ രണ്ട് മുതിര്ന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സിപിഐഎമ്മിന് വേണ്ടി വീടുപണി ചെയ്യുന്ന ഉന്നതനുമാണ്. ക്രമസമാധാന ചുമതലയില് ഇരുന്നപ്പോള് ഇതേ ഉദ്യോഗസ്ഥന് കോണ്ഗ്രസ് നേതാക്കള്ക്കെതിരെ കള്ളക്കേസുകള് ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സിപിഐഎമ്മിനുവേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാള് നടത്തുന്നത്', വി ഡി സതീശന് പറഞ്ഞു.
മുതിര്ന്ന ഐപിഎസ് ഉദ്യോഗസ്ഥര് എസ്ഐടിയെ സ്വാധീനിക്കാന് ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം താന് ആരോപണം ഉന്നയിച്ചിരുന്നുവെന്നും അവരുടെ ഇടപെടലും എസ്ഐടിയെ നിര്വീര്യമാക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ഈ നീക്കത്തിന് പിന്നിലുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
'എസ്ഐടിയുടെ നീക്കങ്ങള് സര്ക്കാരിലേക്ക് ചോര്ത്തുകയും അന്വേഷണത്തെ വഴിതിരിച്ച് വിട്ട് യഥാര്ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ശബരിമലയിലെ സ്വര്ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള സര്ക്കാരിന്റെയും സിപിഐഎമ്മിന്റെയും നീക്കത്തിന് പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര് ഒത്താശ ചെയ്യുന്നു. ഹൈക്കോടതിയുടെ ഇടപെടല് പോലും അട്ടിമറിക്കാനാണ് ഇവരുടെ നീക്കം. ഇക്കാര്യത്തില് ഹൈക്കോടതി അടിയന്തിര പരിശോധനയും ഇടപെടലും നടത്തണമെന്നും വി ഡി സതീശന് കുറിച്ചു.
Content Highlights: Sabarimala SIT V D Satheesan against to appoint CI link with CPIM