തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിയാൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും എസ്ഐടി വിളിപ്പിക്കും. പോറ്റി തന്നെ വന്ന് കണ്ടിട്ടുണ്ടെന്ന് അടൂർ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. അടൂർ പ്രകാശിന് പുറമെ പോറ്റിയുമായി ബന്ധമുള്ള മറ്റ് രാഷ്ട്രീയ നേതാക്കളുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി.
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ എസ്ഐടി തേടിയേക്കുമെന്നാണ് വിവരം. അടൂർ പ്രകാശ് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സോണിയ ഗാന്ധിയുടെ കൂടെ നിൽക്കുന്ന ചിത്രം നേരത്തെ പുറത്ത് വന്നിരുന്നു. 2019ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്താണ് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ആദ്യമായി വന്ന് കണ്ടതെന്നാണ് അടൂർ പ്രകാശ് വ്യക്തമാക്കിയിരിക്കുന്നത്. സോണിയ ഗാന്ധിയെ കാണാൻ പോറ്റി സ്വന്തം നിലയിൽ അപ്പോയിൻമെൻ്റ് നേടിയെന്നും പിന്നീട് ഒപ്പം വരാൻ തന്നോട് ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് അടൂർ പ്രകാശ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അങ്ങനെയാണ് പോറ്റിക്കൊപ്പം പോയതെന്ന് വിശദീകരിച്ച് അടൂർ പ്രകാശ് കാട്ടുകള്ളനാണ് ഒപ്പം വന്നതെന്ന് മനസ്സിലാക്കാനായില്ലെന്നും വ്യക്തമാക്കിയിരുന്നു.
നേരത്തെ സ്വർണ്ണക്കൊളളയുമായി ബന്ധപ്പെട്ട് മുൻദേവസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയിരുന്നു. മൊഴിയിൽ കൂടുതൽ വ്യക്തവരുത്താൻ കടകംപള്ളി സുരേന്ദ്രനെ വീണ്ടും എസ്ഐടി വിളിപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രന് സാമ്പത്തിക ഇടപാട് ഉണ്ടായിട്ടുണ്ടോയെന്നും എസ്ഐടി പരിശോധിക്കും. പോറ്റിയുടെ സ്പോൺസർഷിപ്പിൽ കഴക്കൂട്ടത്ത് നിർമ്മിച്ച വീടുകളെക്കുറിച്ചും എസ്ഐടി വിശദമായ അന്വേഷണം നടത്തും.
ഇതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടുണ്ട്. ഗോവർദ്ധൻ, പങ്കജ് എന്നിവരെയും എസ്ഐടി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. ഒറ്റ ദിവസത്തെ കസ്റ്റഡിയിലാണ് ഇവരെ വിട്ടിരിക്കുന്നത്.
Content Highlights: Sabarimala gold theft SIT to record statement of UDF convener Adoor Prakash